മെസിയെ എപ്പോഴും കളിക്കളത്തിൽ കാണാനാണ് ആഗ്രഹം, പെറുവിനെതിരെ താരം കളിക്കാനിറങ്ങുമോയെന്ന് സ്‌കലോണി പറയുന്നു | Messi

സൗത്ത് അമേരിക്കയിലെ ലോകകപ്പ് യോഗ്യത റൗണ്ടിലെ നാലാമത്തെ മത്സരത്തിനായി അർജന്റീന നാളെ രാവിലെ ഇറങ്ങുകയാണ്. ഇതിനു മുൻപ് നടന്ന മൂന്നു മത്സരങ്ങളിലും വിജയം നേടിയ അർജന്റീന മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇക്വഡോറിനെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ ഒരു ഗോളിന്റെ വിജയം നേടിയ അർജന്റീന ബൊളീവിയക്കെതിരെ മൂന്നു ഗോളിനും പാരഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിനുമാണ് വിജയം നേടിയത്.

ഖത്തർ ലോകകപ്പിനു ശേഷം അപാരമായ ആത്മവിശ്വാസത്തോടെ മികച്ച പ്രകടനം നടത്തുന്ന അർജന്റീന ടീം പെറുവിനെതിരെയും വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മത്സരത്തിൽ ലയണൽ മെസി കളിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും ചെറിയ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസി രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. അതിനു മുൻപുള്ള ഏതാനും മത്സരങ്ങളും താരത്തിന് പരിക്ക് കാരണം നഷ്‌ടമായിരുന്നു.

ലയണൽ മെസിക്ക് നിലവിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിൽ താരം മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ പൂർണമായും ഉറപ്പില്ലെന്നാണ് അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. “ലയണൽ മെസി സുഖമായി ഇരിക്കുന്നു, താരം പരിശീലനത്തിലും പങ്കെടുത്തു. നാളെ ഞങ്ങൾ അവസാന തീരുമാനം എടുക്കും, താരത്തിന് കുഴപ്പമില്ലെങ്കിൽ കളിക്കും, അതാണ് ഞങ്ങൾക്കു വേണ്ടത്. ഫുട്ബോളിന്റെ നല്ലതിന് വേണ്ടി മെസി എപ്പോഴും കളിക്കളത്തിൽ വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”

കഴിഞ്ഞ മത്സരത്തിൽ ആദ്യപകുതിയിൽ ഇറങ്ങാതിരുന്ന ലയണൽ മെസി അൻപത്തിമൂന്നാം മിനുട്ടിലാണ് അൽവാരസിനു പകരക്കാരനായി കളിക്കളത്തിൽ ഇറങ്ങിയത്. പാരഗ്വായ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ താരത്തിന് രണ്ടു ഗോളുകൾ മത്സരത്തിൽ തലനാരിഴക്കാണ് നഷ്‌ടമായത്. അവസാന മിനിറ്റുകളിൽ താരത്തിന്റെ ഒരു കോർണറും ഒരു ഫ്രീകിക്കും പോസ്റ്റിൽ തട്ടി തെറിച്ചു പോയിരുന്നു. പെറുവിനെതിരെ കളിച്ചാൽ താരം ഗോൾ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഖത്തർ ലോകകപ്പിനു ശേഷം നാല് സൗഹൃദമത്സരങ്ങൾ ഉൾപ്പെടെ ഏഴു മത്സരങ്ങളാണ് അർജന്റീന കളിച്ചത്. ഈ ഏഴു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാത്തത് അർജന്റീന ടീമിന്റെ കരുത്തും കെട്ടുറപ്പും വ്യക്തമാക്കുന്നു. നിലവിൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്നിൽ മൂന്നു മത്സരങ്ങളും വിജയിച്ച് ഒൻപതു പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടു വിജയവും ഒരു സമനിലയും വഴങ്ങിയ ബ്രസീൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

Scaloni Says Messi Is Fine To Play Against Peru