വമ്പൻ താരങ്ങളുടെ വിറപ്പിച്ച റഫറി ഇന്ത്യയിലേക്ക്, പിഴവുകളില്ലാത്ത ഐഎസ്എല്ലിനു വേണ്ടിയുള്ള ആദ്യ ചുവടുവെപ്പ് | Collina

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച കാലം മുതൽ തന്നെ റഫറിമാരുടെ പിഴവുകളുടെ പേരിൽ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. പല താരങ്ങളും പരിശീലകരും ക്ലബുകളുമെല്ലാം ഇതിനെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് ഇതിന്റെ ഏറ്റവും ഉയർന്ന രൂപം കണ്ടത്. ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിൽ നടന്ന പ്ലേ ഓഫിലും മോഹൻ ബഗാനും ബെംഗളൂരുവും തമ്മിൽ നടന്ന റഫറിമാരുടെ ഗുരുതരമായ പിഴവുകൾ സംഭവിച്ചിരുന്നത് വലിയ ഒച്ചപ്പാടുകൾക്ക് ഇടയാക്കിയിരുന്നു.

ആരാധകരുടെ പ്രതിഷേധം ശക്തമായി ഉയർന്നതോടെ അതിനെ തണുപ്പിക്കാൻ ബെൽജിയൻ ലീഗിലും മറ്റും ഉപയോഗിക്കുന്ന വീഡിയോ റഫറിയിങ് സംവിധാനത്തിന്റെ ലൈറ്റ് വേർഷൻ അടുത്ത സീസൺ മുതൽ ഉപയോഗിക്കാമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് പറഞ്ഞിരുന്നു. താരതമ്യേനെ ചിലവ് കുറഞ്ഞ ഈ സംവിധാനം ഉപയോഗിച്ചാൽ ഒരുപാട് പിഴവുകൾ കണ്ടെത്താൻ കഴിയുമെന്നും അത് മത്സരങ്ങളെ കുറ്റമറ്റതാക്കാൻ സഹായിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ വീഡിയോ റഫറിയിങ് സംവിധാനം കൃത്യമായി ഉപയോഗിക്കണമെങ്കിൽ തന്നെ റഫറിമാർക്ക് മികച്ച രീതിയിലുള്ള പരിശീലനം ആവശ്യമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സീസണിൽ വാർ ലൈറ്റ് സംവിധാനം ഇതുവരെ വന്നിട്ടില്ല. എന്നാൽ അതിന്റെ തുടക്കമെന്ന നിലയിലാണോ എന്നറിയില്ല, ഇന്ത്യയിലെ റഫറിമാരുടെ നിലവാരം ഉയർത്താനുള്ള പുതിയൊരു നീക്കം എഐഎഫ്എഫ് നടത്തിയിട്ടുണ്ട്. എഐഎഫ്എഫ് പ്രസിഡൻറും ഫിഫ പ്രസിഡന്റും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

റിപ്പോർട്ടുകൾ പ്രകാരം ഫുട്ബോൾ റഫറിമാരിലെ ഇതിഹാസമായ ഇറ്റാലിയൻ റഫറി പിയറിലൂയിജി കോളിനയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളാണ് എഐഎഫ്എഫ് നടത്തുന്നത്. ഇന്ത്യൻ റഫറിമാർക്ക് വേണ്ടിയുള്ള പരിശീലന സെഷൻ നയിക്കാനാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്. ഇത് ഇന്ത്യൻ റഫറിമാർക്ക് കൂടുതൽ നിലവാരമുണ്ടാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർക്കശക്കാരനായ കോളിനയുടെ വരവ് ഇതിനു സഹായിക്കുമെന്നതിൽ തർക്കമില്ല.

അതേസമയം വാർ ലൈറ്റ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതിയുടെ ആദ്യത്തെ ഘട്ടമായാണോ ഇത് നടപ്പിലാക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഇന്ത്യയിലെ റഫറിമാർക്ക് ഇത്തരത്തിലുള്ള ഒരു പരിശീലന സെഷൻ അത്യാവശ്യമാണെന്ന കാര്യത്തിൽ സംശയമില്ല. റഫറിമാരുടെ പിഴവുകൾ കൊണ്ട് ആരാധകർ ഒന്നടങ്കം ഇന്ത്യൻ സൂപ്പർ ലീഗ് നേതൃത്വത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിന്റെ നിലവാരം വർധിപ്പിക്കാൻ അവർക്ക് ഇടപെടൽ നടത്തിയേ മതിയാകൂ.

AIFF To Bring Collina To India To Train Referees