എതിരാളികളുടെ തട്ടകത്തിലും മെസി തന്നെ രാജാവ്, പെറുവിൽ താരത്തെ കാണാൻ കൂടി നിന്നത് ആയിരങ്ങൾ | Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസിയെന്നത് തർക്കമില്ലാത്ത കാര്യമാണ്. കളിക്കളത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കുന്ന താരത്തിന്റെ നീക്കങ്ങൾ എല്ലാവര്ക്കും അത്ഭുതമാണ്. രണ്ടു പതിറ്റാണ്ടോളം പിന്നിടുന്ന തന്റെ കരിയറിൽ മെസിക്ക് സ്വന്തമാക്കാൻ ഇനി നേട്ടങ്ങളൊന്നും ബാക്കിയില്ല. അർജന്റീനക്കൊപ്പം കഴിഞ്ഞ രണ്ടര വർഷത്തിനിടെ കോപ്പ അമേരിക്കയും ലോകകപ്പും അടക്കം മൂന്ന് കിരീടങ്ങൾ സ്വന്തമാക്കിയതോടെ ലയണൽ മെസി തന്റെ കരിയർ പൂർണതയിലെത്തിച്ചു.

മൈതാനത്ത് ലയണൽ മെസി കാണിക്കുന്ന മാന്ത്രിക നീക്കങ്ങളും കരിയറിൽ താരം സ്വന്തമാക്കിയ നേട്ടങ്ങളുമെല്ലാം വലിയൊരു കൂട്ടം ആരാധകരെ അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തെ ഫുട്ബോൾ ദൈവത്തെപ്പോലെ ആരാധിക്കുന്ന ആളുകളിൽ ഫുട്ബോൾ താരങ്ങളും പരിശീലകരുമെല്ലാം ഉൾപ്പെടുന്നു. താരത്തോടുള്ള ആരാധനയുടെ നേർക്കാഴ്‌ചയാണ് കഴിഞ്ഞ ദിവസം സൗത്ത് അമേരിക്കൻ രാജ്യമായ പെറുവിൽ കാണാൻ കഴിഞ്ഞത്.

സൗത്ത് അമേരിക്കയിലെ ലോകകപ്പ് യോഗ്യത റൗണ്ടിൽ പെറുവിനെ നേരിടാൻ ലയണൽ മെസിയും അർജന്റീനയും കഴിഞ്ഞ ദിവസം പെറുവിൽ എത്തിയിരുന്നു. തങ്ങളുടെ എതിരാളികളായാണ് അർജന്റീന എത്തിയതെങ്കിലും മെസിയോടുള്ള ആരാധന പ്രകടമാക്കാൻ അതൊന്നും പെറുവിലെ ആരാധകർക്ക് തടസമായില്ല. അർജന്റീനയുടെ ടീം ബസ് വരുന്ന വഴിയിലും ഹോട്ടലിന്റെ മുന്നിലുമെല്ലാം നൂറു കണക്കിന് പെറു ആരാധകരാണ് അർജന്റീന നായകനെ കാണാൻ തടിച്ചു കൂടിയത്.

ലയണൽ മെസിയും അർജന്റീന താരങ്ങളും ഹോട്ടലിലേക്ക് കയറിയിട്ടും അവിടെ നിന്നും പോകാൻ പെറു ആരാധകർ തയ്യാറായിരുന്നില്ല. ലയണൽ മെസിക്ക് വേണ്ടി വീണ്ടും വീണ്ടും മുദ്രാവാക്യം വിളിച്ചു കൊണ്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആരാധകർ അവിടെത്തന്നെ നിന്നു. ഒടുവിൽ ഹോട്ടൽ റൂമിന്റെ ചില്ലു ജാലകത്തിലൂടെ ലയണൽ മെസി പുറത്തു കൂടി നിൽക്കുന്ന ആരാധകരെ അഭിവാദ്യം ചെയ്യുകയുണ്ടായി. മെസിക്കൊപ്പം അർജന്റീന താരം പരഡസും ഉണ്ടായിരുന്നു.

ലോകകപ്പിന് ശേഷം തുടർച്ചയായ ഏഴു മത്സരങ്ങളിൽ ഗോളൊന്നും വഴങ്ങാതെ വിജയം നേടിയ കുതിപ്പുമായാണ് ലയണൽ മെസിയുടെ അർജന്റീന പെറുവിനെ നേരിടാൻ ഒരുങ്ങുന്നത്. ലോകകപ്പ് യോഗ്യതയിലും അർജന്റീന തന്നെയാണ് സൗത്ത് അമേരിക്കയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അതേസമയം പെറുവിനെ സംബന്ധിച്ച് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഇതുവരെ നിരാശയാണ്. മൂന്നു മത്സരങ്ങളിൽ രണ്ടു തോൽവിയും ഒരു സമനിലയും വഴങ്ങിയ അവർക്ക് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടുമില്ല.

Messi Got Amazing Reception From Peru Fans