എട്ടാം ബാലൺ ഡി ഓറിനൊപ്പം മറ്റാർക്കും സ്വന്തമാക്കാനാകാത്ത റെക്കോർഡും, മെസി ചരിത്രം മാറ്റിയെഴുതുന്നു | Messi

ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസിയാണ് 2023 ബാലൺ ഡി ഓർ സ്വന്തമാക്കുകയെന്ന് ഏവരും ഉറപ്പിച്ചെങ്കിലും മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയതോടെ ആരാധകരുടെ അഭിപ്രായങ്ങളിൽ മാറ്റങ്ങൾ വന്നിരുന്നു. പ്രീമിയർ ലീഗിൽ റെക്കോർഡ് ഗോൾവേട്ട നടത്തിയ ഹാലാൻഡ് ആദ്യത്തെ സീസണിൽ തന്നെ ട്രെബിൾ കിരീടങ്ങൾ സിറ്റിക്ക് നേടിക്കൊടുത്തതിനാൽ താരവും ബാലൺ ഡി ഓറിന് ഒരുപോലെ അർഹനാണെന്നാണ് ഒരു വിഭാഗം ആരാധകരും ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തിയത്.

എന്നാൽ ലയണൽ മെസി തന്നെയാണ് ഇത്തവണ ബാലൺ ഡി ഓർ നേടുകയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ മെസിയുടെ ഒരു ഫാമിലി ഫ്രണ്ട് ഇക്കാര്യം വെളിപ്പെടുത്തിയതിനു പുറമെ യൂറോപ്പിലെ ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നുണ്ട്. ലോകകപ്പ് നേട്ടം ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട മാനദണ്ഡമായതു കൊണ്ടാണ് ട്രെബിൾ കിരീടങ്ങൾ നേടിയ നോർവീജിയൻ താരത്തെ മെസി പിന്നിലാക്കിയത്.

ഈ റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ലയണൽ മെസി ഒരു ചരിത്രനേട്ടം കൂടിയാണ് അതിനൊപ്പം സ്വന്തമാക്കാൻ പോകുന്നത്. ഇതുവരെ യൂറോപ്പിനു പുറത്തുള്ള ഒരു ക്ലബിൽ നിന്നുമുള്ള താരം ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ലയണൽ മെസി യൂറോപ്പിൽ തന്നെയുള്ള പിഎസ്‌ജിയുടെ താരമായിരുന്നു. എന്നാൽ ബാലൺ ഡി ഓർ പുരസ്‌കാരം മെസി ഏറ്റുവാങ്ങുക അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയുടെ താരമായാണ്.

ഇത്തവണത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയാൽ ലയണൽ മെസിക്ക് എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരമാണ് ലഭിക്കുക. ഇതുവരെ മറ്റൊരു താരത്തിനും ഇത്രയും ബാലൺ ഡി ഓർ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ചു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ റെക്കോർഡിൽ മെസിക്ക് പിന്നിലുള്ളത്. മുപ്പത്തിയെട്ടുകാരനായ റൊണാൾഡോയെ സംബന്ധിച്ച് ഈ റെക്കോർഡ് മറികടക്കുക അസാധ്യമായ കാര്യമായിരിക്കും.

ഒക്ടോബർ മുപ്പതിന് പാരീസിൽ വെച്ചാണ് ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കുക. ലയണൽ മെസി പുരസ്‌കാരചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചുവെന്നാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മെസിക്ക് തന്നെയാണ് പുരസ്‌കാരമെന്നതിന്റെ മറ്റൊരു സൂചനയാണിത്. എന്തായാലും മെസി ആരാധകരെ സംബന്ധിച്ചിടത്തോളം ഒക്ടോബർ മുപ്പതിന് തങ്ങളുടെ പ്രിയപ്പെട്ട താരം ചരിത്രത്തിന്റെ നെറുകയിൽ കയറുന്നത് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പാണ്.

Messi Reportedly Won 2023 Ballon Dor