നെയ്‌മറെ ഒഴിവാക്കാൻ ട്രാൻസ്‌ഫർ ഫീസ് വെട്ടിക്കുറച്ച് പിഎസ്‌ജി, മൂന്നു ക്ലബുകൾ താരത്തിനായി രംഗത്ത്

ബാഴ്‌സലോണ വിട്ട് നെയ്‌മർ പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം ഓരോ ട്രാൻസ്‌ഫർ ജാലകത്തിലും താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നു വരാറുണ്ട്. മിക്ക അഭ്യൂഹങ്ങളും ബാഴ്‌സലോണയുമായി ബന്ധപ്പെട്ടാണ് ഉണ്ടാവുകയെങ്കിലും താരം ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടർന്നു. പിഎസ്‌ജിക്ക് താരത്തെ വിട്ടുകൊടുക്കാൻ യാതൊരു താല്പര്യവും ഇല്ലാതിരുന്നതു തന്നെയാണ് അതിനു കാരണമായത്. എന്നാൽ കഴിഞ്ഞ സമ്മറിൽ ഇതിനു വിപരീതമായി ഉയർന്ന വാർത്തകളിൽ ഉണ്ടായിരുന്നത് നെയ്‌മറെ ഒഴിവാക്കാൻ പിഎസ്‌ജി തന്നെ ശ്രമിക്കുന്നു എന്നതാണ്. കളിക്കളത്തിലും പുറത്തുമുള്ള താരത്തിന്റെ പെരുമാറ്റമാണ് ഇതിനു കാരണമായത്.

തന്നെ ഒഴിവാക്കാനുള്ള സാധ്യതകളോട് നെയ്‌മർ പ്രതികരിച്ചത് ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയായിരുന്നു. മികച്ച ഫോമിൽ കളിക്കുന്ന താരത്തിന്റെ മികവിൽ സാധ്യമായ കിരീടങ്ങളെല്ലാം നേടാൻ കഴിയുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. എന്നാൽ മികച്ച പ്രകടനം നടത്തുമ്പോഴും നെയ്‌മറുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല. ഇപ്പോൾ താരത്തെ ഒഴിവാക്കാൻ വേണ്ടി ആവശ്യപ്പെടുന്ന ട്രാൻസ്‌ഫർ ഫീസ് പിഎസ്‌ജി വളരെയധികം കുറച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മറെ ഒഴിവാക്കാനുള്ള നീക്കങ്ങളാണ് പിഎസ്‌ജി നടത്തുന്നത്.

സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം നെയ്‌മറുടെ ട്രാൻസ്‌ഫർ ഫീസ് അമ്പതു മുതൽ അറുപതു മില്യൺ യൂറോയാക്കി കുറയ്ക്കാനാണ് പിഎസ്‌ജി ഒരുങ്ങുന്നത്. ഈ തുകയുമായി ഓഫർ ചെയ്യുന്ന ക്ലബുകൾക്ക് താരത്തെ വിൽക്കുന്ന കാര്യം പിഎസ്‌ജി പരിഗണിക്കും. 222 മില്യൺ യൂറോ നൽകി സ്വന്തമാക്കിയ നെയ്‌മർക്ക് നേരത്തെ നൂറു മില്യൺ യൂറോയോളമാണ് പിഎസ്‌ജി ആവശ്യപ്പെട്ടിരുന്നത്. ട്രാൻസ്‌ഫർ തുക കുറച്ചാൽ താരത്തിനായുള്ള ഓഫറുകൾ വർധിക്കുമെന്നാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്.

എന്തായാലും നെയ്‌മർക്കു വേണ്ടി ടീമുകൾ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബുകളാണ് നെയ്മറെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ 2025 വരെ കരാറുള്ള നെയ്‌മറെ വിൽക്കണമെങ്കിൽ താരത്തിന്റെ കൂടി സമ്മതം പിഎസ്‌ജിക്ക് ആവശ്യമാണ്. ലയണൽ മെസി ഇപ്പോൾ പിഎസ്‌ജിയിൽ കളിക്കുന്നതിനാൽ നെയ്‌മർ ക്ലബ് വിടാൻ സമ്മതം മൂളുമോയെന്നു കണ്ടറിയണം. എന്നാൽ എംബാപ്പെയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ താരത്തെ അതിനു പ്രേരിപ്പിക്കാനും സാധ്യതയുണ്ട്.

പിഎസ്‌ജിയിൽ ആറു സീസണുകൾ കളിച്ച നെയ്‌മർക്ക് പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഒരുപാട് അനുഭവിക്കേണ്ടി വന്നതിനാൽ 165 മത്സരങ്ങൾ മാത്രമാണ് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ അത്രയും മത്സരങ്ങളിൽ നിന്നും 115 ഗോളുകൾ നേടാനും 73 അസിസ്റ്റുകൾ സ്വന്തമാക്കാനും കഴിഞ്ഞു. ഒരിക്കൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയെങ്കിലും പിഎസ്‌ജിക്ക് ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ അതിനു കഴിയും എന്നു തന്നെയാണ് ആരാധകർ കരുതുന്നത്.