“മികച്ച ടീമായിരുന്നു, കിരീടം നേടാൻ കഴിയുമായിരുന്നു”- ലോകകപ്പ് പുറത്താകലിനെക്കുറിച്ച് മനസു തുറന്ന് റാഫിന്യ | Raphinha
ഖത്തർ ലോകകപ്പിൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീമായിരുന്നു ബ്രസീൽ. അതിനു കഴിയുന്ന നിരവധി മികച്ച താരങ്ങളും അവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്തു പോയത് ടീമിനും ആരാധകർക്കും നിരാശയായിരുന്നു. ആ നിരാശയിൽ നിന്നും ബ്രസീൽ ഇപ്പോഴും പുറത്തു കടന്നിട്ടില്ലെന്നാണ് ടീമിന്റെ താരമായ റാഫിന്യയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
“അത് വേദനയുണ്ടാക്കി എന്നതാണ് സത്യം. ഞങ്ങൾക്ക് അവിശ്വസനീയമായൊരു ടീം ഉണ്ടായിരുന്നു, വളരെയധികം പ്രതിഭയുള്ള താരങ്ങളുടെ ഒരു സംഘം, മികച്ചൊരു പരിശീലകനും ഉണ്ടായിരുന്നു. ലോകകപ്പിൽ മുന്നോട്ടു പോകാനും കിരീടം നേടാനും ഞങ്ങൾക്ക് കഴിയുമായിരുന്നു. അതുകൊണ്ടൊക്കെയാണ് പുറത്താകൽ വലിയ വേദനയുണ്ടാക്കിയത്.”
Five-time champion Brazil lost to Croatia in the quarterfinals of the FIFA World Cup. Croatia has never won the tournament. pic.twitter.com/NRIOCE7DEw
— DW News (@dwnews) December 9, 2022
“ആ മത്സരത്തിൽ എന്നെ നേരത്തെ തന്നെ പിൻവലിച്ചിരുന്നു. അതെനിക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. കാരണം ഇനിയും ടീമിനായി എനിക്ക് ചെയ്യാനുണ്ടെന്ന് തോന്നിയിരുന്നു. കൂടുതൽ ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത് വേദനിപ്പിച്ചു. മൈതാനത്തു വെച്ച് എനിക്ക് കരയാൻ ആഗ്രഹം ഉണ്ടായിരുന്നില്ല, പക്ഷെ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.” റഫിന്യ പറഞ്ഞു.
ആരെയും അഭിവാദ്യം ചെയ്യാതെ പരിശീലകൻ ടിറ്റെ മൈതാനം വിട്ടതിനെക്കുറിച്ചും റാഫിന്യ പറഞ്ഞു. ഓരോ ആളുകൾക്കും ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഓരോ രീതിയാണെന്നും ടിറ്റെയെ വിമർശിക്കാൻ കഴിയില്ലെന്നുമാണ് താരം പറയുന്നത്. ക്യാമറക്കു മുന്നിൽ കരയാൻ ആഗ്രഹമില്ലാതിരുന്ന അദ്ദേഹം ലോക്കർ റൂമിലിരുന്ന് കരയുകയായിരുന്നുവെന്നും റാഫിന്യ കൂട്ടിച്ചേർത്തു.
Raphinha About Brazil Elimination In World Cup