ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കിയതിനു ഹാട്രിക്ക് നേട്ടം കൊണ്ടു മറുപടി, ബാഴ്‌സലോണയിൽ റഫിന്യ മിന്നും ഫോമിലാണ്

ഈ സീസൺ ആരംഭിക്കുമ്പോൾ ബാഴ്‌സലോണ ആരാധകർക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും ലീഗിലെ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അതിൽ മാറ്റമുണ്ടായിട്ടുണ്ടാകും എന്നുറപ്പാണ്. നാല് മത്സരങ്ങളിൽ നാലിലും വിജയിച്ച ടീം ഇന്നലെ റയൽ വയ്യഡോളിഡിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്താണ് ലീഗിൽ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി നിലനിർത്തിയത്.

ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സലോണ മുന്നേറ്റനിര തീ തുപ്പുന്ന പ്രകടനം നടത്തിയപ്പോൾ റയൽ വയ്യഡോളിഡ് പ്രതിരോധം നിഷ്പ്രഭമായി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ബാഴ്‌സലോണ താരം റാഫിന്യ ഹാട്രിക്ക് നേടിയപ്പോൾ ലെവൻഡോസ്‌കി, ഡാനി ഓൾമോ, ജൂൾസ് കൂണ്ടെ, ഫെറൻ ടോറസ് എന്നിവരാണ് ടീമിന്റെ മറ്റു ഗോളുകൾ നേടിയത്.

കരിയറിലെ ആദ്യത്തെ ഹാട്രിക്ക് നേട്ടം റഫിന്യയെ സംബന്ധിച്ച് ചിലർക്കുള്ള മറുപടി കൂടിയാണ്. ഈ മാസത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബാഴ്‌സലോണ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ റഫിന്യയെ ഒഴിവാക്കിയിരുന്നു. അതിനു ശേഷം ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ച മത്സരങ്ങളിലെല്ലാം ഒരു ടീമിന്റെ നട്ടെല്ലായി കളിക്കാൻ തനിക്ക് കഴിയുമെന്ന് റാഫിന്യ തെളിയിച്ചു.

ബാഴ്‌സലോണക്കായി ആദ്യത്തെ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ റാഫിന്യക്ക് കഴിഞ്ഞിരുന്നില്ല. റയോ വയ്യക്കാനൊക്കെതിരെ അസിസ്റ്റ് നൽകിയ റാഫിന്യ ഇന്നലെ മൂന്നു ഗോളുകൾ നേടിയതിനു പുറമെ ഫെറൻ ടോറസിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ലീഗ് ടോപ് സ്കോറർമാരിൽ ലെവൻഡോസ്‌കിക്ക് പിന്നിൽ രണ്ടാമതാണ് റഫിന്യ.

റാഫിന്യയുടെ ഈ പ്രകടനം കണ്ടു ബ്രസീൽ പരിശീലകൻ തന്റെ തീരുമാനം മാറ്റുമോ എന്നറിയില്ല. എന്തായാലും താരത്തെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നത് ബാഴ്‌സലോണയ്ക്ക് ഗുണമാണ്. ഇന്റർനാഷണൽ ബ്രേക്കിൽ താരങ്ങൾക്ക് പരിക്കേൽക്കുന്നത് ക്ലബുകൾക്ക് തിരിച്ചടി നൽകാറുണ്ട്. റഫിന്യ ടീമിൽ ഇല്ലാത്തതിനാൽ താരത്തിന് പരിക്കേൽക്കാനുള്ള സാധ്യതയില്ല.