ബാഴ്‌സലോണ താരം റെഡ് കാർഡ് അർഹിച്ചിരുന്നു, റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധമുയരുന്നു

ഇന്നലെ യൂറോപ്പ ലീഗ് പ്ലേ ഓഫിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരം സമനിലയിലാണ് അവസാനിച്ചത്. രണ്ടു ടീമുകളും അവസരങ്ങൾ മെനഞ്ഞെടുത്ത കളിയിൽ അലോൻസോയിലൂടെ ബാഴ്‌സലോണ മുന്നിലെത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളുകൾ തിരിച്ചടിച്ചു. റാഷ്‌ഫോഡും കൂണ്ടെയുടെ സെൽഫ് ഗോളുമാണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. എന്നാൽ റഫിന്യ നേടിയ ഗോൾ ബാഴ്‌സലോണക്ക് മത്സരത്തിൽ സമനില സമ്മാനിച്ചു.

ബാഴ്‌സലോണയുടെ മൈതാനത്ത് നേടിയ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന് നേട്ടം തന്നെയാണെങ്കിലും മത്സരത്തിൽ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. രണ്ടാം പകുതിയുടെ അവസാനഘട്ടങ്ങളിൽ പന്തുമായി ഒറ്റക്ക് മുന്നേറിയ മാർക്കസ് റാഷ്‌ഫോഡിനെ ബോക്‌സിന്റെ തൊട്ടരികിൽ വെച്ച് കൂണ്ടെ വീഴ്ത്തി. ലാസ്റ്റ് മാൻ ഫൗൾ ആയിരുന്നിട്ടും റഫറി കാർഡ് നൽകാനോ ഫൗൾ നൽകാനോ തയ്യാറായില്ല. മത്സരത്തിന് ശേഷം റാഷ്‌ഫോഡ് തന്നെ ഇതിനെതിരെ രംഗത്തു വന്നു.

മത്സരത്തിലെ ഏറ്റവും നിർണായക നിമിഷമായിരുന്നു അതെന്നാണ് റാഷ്‌ഫോഡ് പറഞ്ഞത്. താൻ വീണത് എന്തു കൊണ്ടാണെന്ന് റഫറിയും ലൈൻസ്‌മാനും ചിന്തിക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും പന്തുമായി കൂണ്ടെയെ മറികടന്ന് പോകുമ്പോൾ താരം ഫൗൾ ചെയ്‌തുവെന്നും റാഷ്‌ഫോഡ് പറഞ്ഞു. അതൊരു പെനാൽറ്റി അല്ലായിരുന്നെങ്കിലും ക്ലിയർ ഫൗൾ അവിടെ നടന്നുവെന്നും താരം കൂട്ടിച്ചേർത്തു.

റാഷ്‌ഫോർഡിനു പുറമെ ഫുട്ബോൾ പണ്ഡിറ്റുകളായ പോൽ സ്‌കോൾസും ഹാർഗ്രീവ്സുമെല്ലാം അഭിപ്രായപ്പെട്ടത്. ലോകകപ്പിൽ കൂണ്ടെ മികച്ച പ്രകടനം നടത്തിയെന്നു പറഞ്ഞ അവർ റാഷ്‌ഫോഡിന്റെ കാര്യത്തിൽ നടന്നത് കൃത്യമായ ഫൗളാണെന്നും അത് റെഡ് കാർഡ് അർഹിക്കുന്നുവെന്നും പറഞ്ഞു. അടുത്ത മത്സരം കളിക്കാൻ കൂണ്ടേക്ക് ശരിക്കും അർഹതയില്ലെന്നാണ് അവർ പറയുന്നത്. മികച്ചൊരു അവസരമായിരുന്നതിനാൽ തന്നെ ഫൗൾ ഇല്ലാതെ റാഷ്‌ഫോഡിനു വീഴേണ്ട ആവശ്യവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.