അർജന്റീന ടീമിൽ നിന്നും ലയണൽ മെസി വിരമിക്കണമെന്നാവശ്യം

ഖത്തർ ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയപ്പോൾ ലയണൽ മെസി പറഞ്ഞ വാക്കുകൾ ഇനിയൊരു ലോകകപ്പ് കളിക്കാൻ താനുണ്ടാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നാണ്. ലോകകപ്പിന് ശേഷം അർജന്റീന ടീമിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ലോകകപ്പ് നേടിയപ്പോൾ മെസി പറഞ്ഞത് ഇനിയും അർജന്റീനക്കൊപ്പം കളിക്കണമെന്നാണ്. ഇതോടെ അടുത്ത കോപ്പ അമേരിക്ക വരെയെങ്കിലും താരം ടീമിനൊപ്പം ഉണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്.

അതേസമയം ലയണൽ മെസി അർജന്റീന ടീമിൽ നിന്നും വിരമിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് മുൻ ബാഴ്‌സലോണ, റയൽ മാഡ്രിഡ് താരവും മുൻ റയൽ മാഡ്രിഡ് പരിശീലകനുമായ ബേൺഡ് ഷസ്റ്റർ. മെസിക്ക് ഏതാനും വർഷങ്ങൾ കൂടി കളിക്കളത്തിൽ മികച്ച പ്രകടനം തുടരാൻ കഴിയുമെങ്കിലും ലോകകപ്പ് ഫൈനൽ വിജയത്തിലൂടെ ഉണ്ടാക്കിയ ഇമേജ് അതുപോലെ നിലനിർത്തിക്കൊണ്ടു പോകാൻ താരം ദേശീയ ടീം വിടുകയാണ് നല്ലതെന്നാണ് അദ്ദേഹം പറയുന്നത്.

“മെസിക്ക് ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാൻ കഴിഞ്ഞേക്കും, പക്ഷെ താരം ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ് നല്ലത്. അർജന്റീന ജേഴ്‌സിയിൽ ലോകകപ്പിന് ശേഷം താരം ഉണ്ടാക്കിയ ഇമേജ് അതുപോലെ നിലനിർത്തുകയാണ് താരത്തിന് നല്ലത്. അടുത്ത ലോകകപ്പിൽ കളിക്കുക താരത്തെ സംബന്ധിച്ച് ബുദ്ധിമുട്ടാവുമെന്നാണ് ഞാൻ കരുതുന്നത്, പക്ഷെ അതേക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല.”

“യൂറോപ്പിൽ കഴിഞ്ഞ പതിനഞ്ചു വർഷം മെസി ചെയ്‌ത കാര്യങ്ങൾ പരിഗണിച്ച്, താരം ഫുട്ബോളിന്റെ ഏറ്റവും ഉയരത്തിലുള്ള ദേവാലയത്തിൽ എത്തണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനുള്ള ഏറ്റവും എളുപ്പവഴി ലോകകപ്പ് വിജയം നേടുകയെന്നതുമാണ്. ഫുട്ബോളിന്റെ ദേവാലയത്തിലാണ് ബെക്കൻബോവർ, സിദാൻ, റൊണാൾഡോ, മറഡോണ, പെലെ എന്നിവരെല്ലാമുള്ളത്.” അദ്ദേഹം മാർക്കയോട് പറഞ്ഞു.