മികച്ച പ്രകടനം നടത്തിയിട്ടും സാവി പിൻവലിച്ചു, ദേഷ്യം ബെഞ്ചിനോട് തീർത്ത് ബ്രസീലിയൻ താരം റഫിന്യ

യൂറോപ്പ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്‌സലോണയും തമ്മിൽ നടന്ന മത്സരം ആരാധകർക്ക് വളരെയധികം ആവേശം നൽകുന്നതായിരുന്നു. രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ നിരവധി അവസരങ്ങൾ ഇരുവരും സൃഷ്‌ടിച്ചെടുത്തു. ഒടുവിൽ രണ്ടു ടീമുകളും രണ്ടു ഗോൾ വീതം നേടി മത്സരം സമനിലയിൽ അവസാനിക്കുകയാണ് ചെയ്‌തത്‌. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനത്ത് നടക്കാൻ പോകുന്ന രണ്ടാംപാദ മത്സരം വളരെ നിർണായകമാകും എന്നുറപ്പായി.

മത്സരത്തിൽ ബാഴ്‌സലോണക്കായി മികച്ച പ്രകടനം നടത്തിയവരിലൊരാൾ ബ്രസീലിയൻ താരം റഫിന്യയായിരുന്നു. മാർക്കോസ് അലോൺസോ നേടിയ ആദ്യത്തെ ഗോളിന് അസിസ്റ്റ് നൽകിയ താരം അതിനു ശേഷം ടീം പിന്നിൽ നിൽക്കുമ്പോൾ ഒരു ഗോൾ നേടി ബാഴ്‌സലോണയെ ഒപ്പമെത്തിക്കുകയും ചെയ്‌തു. എന്നാൽ മത്സരത്തിൽ ബാഴ്‌സലോണ വിജയത്തിനായി ശ്രമിക്കുന്നതിനിടെ എൺപത്തിമൂന്നാം മിനുട്ടിൽ താരത്തെ പിൻവലിക്കുകയാണ് പരിശീലകനായ സാവി ചെയ്‌തത്‌.

മത്സരം തീരാൻ ഏഴു മിനുട്ടുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂവെങ്കിലും തന്നെ പിൻവലിച്ചത് ഉൾക്കൊള്ളാൻ റഫിന്യക്ക് കഴിഞ്ഞില്ല. നേരെ പകരക്കാരുടെ ബെഞ്ചിലേക്ക് പോയ താരം അവിടെ ഇരുന്നതിനു ശേഷം ദേഷ്യം തീർക്കാൻ വേണ്ടി മുന്നിലുള്ള സീറ്റ് പിടിച്ചു കുലുക്കുകയാണ് ചെയ്‌തത്‌. മത്സരത്തിൽ മുഴുവൻ സമയവും കളിക്കാൻ റഫിന്യക്ക് ആഗ്രഹമുണ്ടായിരുന്നു എന്നത് വ്യക്തം. ബാഴ്‌സലോണയിലെ മുതിർന്ന താരമായ ജോർദി ആൽബയാണ് റഫിന്യയുടെ ദേഷ്യം ശമിപ്പിക്കാൻ ഇടപെട്ടത്.

അതേസമയം തന്റെ പ്രതികരണത്തിൽ താരം സാവിയോടും പകരക്കാരനായി ഇറങ്ങിയ ഫെറൻ ടോറസിനോടുമെല്ലാം റഫിന്യ ക്ഷമാപണം നടത്തിയിരുന്നു. സംഭവത്തിൽ താരത്തോട് യാതൊരു കുഴപ്പവുമില്ലെന്നാണ് സാവിയും പ്രതികരിച്ചത്. ബ്രസീലിയൻ താരത്തിന്റെ രോഷവും അതിന്റെ കാരണവുമെല്ലാം താൻ മനസിലാക്കുന്നുവെന്നും ഒരാളും മോശമാണെന്ന് കാണിക്കാനല്ല പകരക്കാരെ ഇറക്കുന്നതെന്നും, ടീമിന്റെ നല്ലതിന് വേണ്ടിയാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.