ബെൻസിമക്ക് പകരക്കാരനെ വേണം, അർജന്റീന താരത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് റയൽ മാഡ്രിഡ് | Real Madrid

2009ൽ ലിയോണിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയതിനു ദേശം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി കരിം ബെൻസിമ മാറിയിരുന്നു. ഒരു സമയത്ത് റൊണാൾഡോക്ക് പിന്നിൽ ഒതുങ്ങിപ്പോയെങ്കിലും റൊണാൾഡോ ക്ളബ് വിട്ടതിനു ശേഷം റയൽ മാഡ്രിഡിനെ മുന്നോട്ടു നയിച്ച താരം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തി കഴിഞ്ഞ സീസണിൽ ക്ലബിന് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുകയുണ്ടായി. സിദാന് ശേഷം ബാലൺ ഡി ഓർ നേടുന്ന ഫ്രഞ്ച് താരമായും ബെൻസിമ മാറി.

ബെൻസിമ റയൽ മാഡ്രിഡിൽ തന്നെ വിരമിക്കുമെന്നാണ് കരുതിയതെങ്കിലും ഈ സീസണു ശേഷം താരം ക്ലബ് വിടാനുള്ള സാധ്യതകൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള വമ്പൻ ഓഫറിൽ ഫ്രഞ്ച് താരത്തിന് താത്പര്യമുണ്ടെന്നാണ് റയൽ മാഡ്രിഡ് കരുതുന്നത്. ഇതുവരെ ബെൻസിമക്ക് പകരക്കാരനായി ഒരു താരത്തെ ടീമിലെത്തിക്കുന്ന കാര്യം പരിഗണിക്കാതിരുന്ന റയൽ മാഡ്രിഡ് ഇപ്പോൾ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുമുണ്ട്.

ദി അത്‌ലറ്റിക് വെളിപ്പെടുത്തുന്നത് പ്രകാരം ഇന്റർ മിലാനു വേണ്ടി തകർപ്പൻ ഫോമിൽ കളിക്കുന്ന അർജന്റീന താരമായ ലൗടാരോ മാർട്ടിനസാണ്‌ റയൽ മാഡ്രിഡിന്റെ ലിസ്റ്റിലെ പ്രധാനപ്പെട്ട താരം. ലൗടാരോ മാർട്ടിനസിനെക്കുറിച്ച് റയൽ മാഡ്രിഡ് കൂടുതൽ അന്വേഷണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകകപ്പിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ക്ലബ് തലത്തിൽ ഉജ്ജ്വല ഫോമിലാണ് ലൗടാരോ മാർട്ടിനസ് കളിക്കുന്നത്.

ഗോളുകൾ നേടാനും ഗോളവസരം ഒരുക്കി നൽകാനും കഴിയുന്ന താരമായ ലൗടാരോ മാർട്ടിനസ് കരിം ബെൻസിമക്ക് പകരക്കാരനാവാൻ കഴിയുന്ന താരം തന്നെയാണ്. അതിനു പുറമെ ഈ സീസണിൽ ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ നിർണായക പങ്കു വഹിച്ചതോടെ തന്റെ ആത്മവിശ്വാസം നിറഞ്ഞ മനോഭാവം തെളിയിക്കാൻ കഴിഞ്ഞ താരം റയൽ മാഡ്രിഡിന് എല്ലാ തരത്തിലും ചേരുന്ന കളിക്കാരൻ തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Real Madrid Asked More About Lautaro Martinez