മറ്റൊരു സൂപ്പർതാരം കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടു, ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്ലബ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടികളുടെ സീസണായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഹൈദെരാബാദിനോട് പൊരുതിത്തോറ്റു കിരീടം കൈവിട്ട ടീമിന് ഇത്തവണയും ഫൈനലിൽ എത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ ബെംഗളൂരുവിനെതിരായ മത്സരത്തിലെ വിവാദഗോളിൽ പ്രതികരിച്ച് മത്സരത്തിൽ നിന്നും ഇറങ്ങിപ്പോകാനുള്ള തീരുമാനം കാരണം ഈ സീസണിൽ കിരീടം നേടാനുള്ള സാധ്യത ബ്ലാസ്റ്റേഴ്‌സിന് പൂർണമായും ഇല്ലാതാക്കി.

സീസണിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചിട്ടുണ്ട്. ഇന്ന് ടീമിന്റെ നായകനായിരുന്ന ജെസ്സൽ കാർനെയ്‌റോ ക്ലബ് വിട്ട കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ തന്നെ ജെസ്സൽ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് ബ്ലാസ്റ്റേഴ്‌സ് അക്കാര്യം സ്ഥിരീകരിച്ചത്. നാല് സീസണുകൾ ക്ലബിനായി കളിച്ചതിനു ശേഷമാണ് ജെസ്സൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും വിടപറയുന്നത്.

2019ൽ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുന്നതിനു മുൻപ് ഗോവൻ ക്ലബായ ഡെംപോയിലാണ് ജെസ്സൽ കളിച്ചിരുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം ക്ലബ്ബിലേക്ക് ആദ്യം ചേക്കേറിയതെങ്കിലും മികച്ച പ്രകടനം നടത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് അത് പുതുക്കി നൽകി. മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്‌സിൽ തുടരുകയും പിന്നീട് ടീമിന്റെ നായകനായി മാറുകയും ചെയ്‌ത ജെസ്സൽ കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായാണ് ക്ലബ് വിടുന്നത്.

ജെസ്സലിനു വീണ്ടും കരാർ പുതുക്കി നൽകാൻ ബ്ലാസ്റ്റേഴ്‌സ് ആദ്യം തയ്യാറായിരുന്നെങ്കിലും പിന്നീട് താരത്തിന്റെ സ്ഥാനത്ത് ഇവാൻ മറ്റുള്ളവരെയും പരിഗണിച്ചു തുടങ്ങിയതോടെ അതിൽ മാറ്റമുണ്ടാവുകയായിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ജെസ്സൽ ചിരവൈരികളുടെ തട്ടകത്തിലേക്ക് ചേക്കേറുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബെംഗളൂരുവുമായി രണ്ടു വർഷത്തെ കരാർ മുപ്പത്തിരണ്ടുകാരനായ താരം ഒപ്പിട്ടുവെന്നാണ് സൂചനകൾ.

Kerala Blasters Announce Jessel Carneiro Exit