ഞെട്ടിക്കുന്ന ട്രാൻസ്‌ഫറിനൊരുങ്ങി റയൽ മാഡ്രിഡ്, പിന്നിലുള്ളത് നിഗൂഢലക്ഷ്യങ്ങൾ | Real Madrid

റയൽ മാഡ്രിഡിന്റെ പ്രധാന സ്‌ട്രൈക്കറായി പതിനാലു വർഷത്തോളമായി സേവനമനുഷ്‌ടിക്കുന്ന താരമായ കരിം ബെൻസിമ ഈ സീസണോടെ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. ഇതുവരെ തന്റെ പൊസിഷനിലേക്ക് മറ്റൊരു താരവും വരാൻ സമ്മതിക്കാതിരുന്ന കരിം ബെൻസിമ സൗദി അറേബ്യൻ ക്ലബിൽ നിന്നുള്ള നിന്നുള്ള വമ്പൻ ഓഫർ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണു റയൽ മാഡ്രിഡ് തന്നെ കരുതുന്നത്.

കരിം ബെൻസിമക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം എസ്പാന്യോൾ താരമായ ജൊസെലു ബെൻസിമക്ക് പകരക്കാരനായി റയൽ മാഡ്രിഡ് പരിഗണിക്കുന്ന താരങ്ങളിൽ ഒരാളാണ്. റയലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ബെൻസിമ ക്ലബ് വിടുമ്പോൾ അതിനു പകരം മികച്ചൊരു താരം വരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇങ്ങിനെയൊരു നീക്കം.

റയൽ മാഡ്രിഡിനെ സംബന്ധിച്ച് ട്രാൻസ്‌ഫർ മാർക്കറ്റിൽ പണമിറക്കാൻ കഴിയാത്ത യാതൊരു പ്രശ്‌നവുമില്ല. അതുകൊണ്ടു തന്നെ ഇത്തരമൊരു നീക്കം ആരാധകർക്ക് അത്ഭുതം തന്നെയാണ്. റയൽ മാഡ്രിഡ് നോട്ടമിടുന്ന ജൊസെലു ഇക്കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ക്ലബിനായി നടത്തിയത്. ലീഗിൽ പതിനാറു ഗോളുകൾ താരം നേടി. എന്നാൽ മുപ്പത്തിരണ്ടുകാരനായ താരമാണോ ബെൻസിമക്ക് പകരക്കാരനായി വേണ്ടതെന്ന ചോദ്യം അപ്പോഴും ഉയരുന്നുണ്ട്.

അതേസമയം ഇത് റയൽ മാഡ്രിഡിന്റെ ബുദ്ധിപരമായ നീക്കമായും പലരും വിലയിരുത്തുന്നുണ്ട്. ഈ സീസണിൽ ബെല്ലിങ്‌ഹാമിനെ വൻതുക നൽകി സ്വന്തമാക്കാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡ് വീണ്ടുമൊരു വമ്പൻ സൈനിങ്‌ ആഗ്രഹിക്കുന്നുണ്ടാകില്ല. അടുത്ത സീസണിൽ എംബാപ്പയെ സ്വന്തമാക്കാൻ അവർക്ക് അവസരമുണ്ട്. അതിനടുത്ത സീസണിൽ എൻഡ്രിക്കും ടീമിലെത്തുന്നതിനാൽ ഇപ്പോൾ ഒരു സ്‌ട്രൈക്കർക്കായി വലിയ തുക മുടക്കാതിരിക്കുന്നത് മികച്ച നീക്കം തന്നെയാണ്.

Real Madrid To Sign Joselu From Espanyol