നെയ്‌മറെ വിളിച്ച് പെപ് ഗ്വാർഡിയോള, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം അട്ടിമറിക്കാനുള്ള ശ്രമം | Neymar

വരുന്ന സമ്മർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്നുറപ്പുള്ള നെയ്‌മറുടെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ പുതിയ വഴിത്തിരിവുകൾ സംഭവിക്കുന്നു. ബ്രസീലിയൻ താരത്തെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യതകളും തുറന്നിട്ടുണ്ട്.

പിഎസ്‌ജിയുമായി ഇനിയും നിരവധി വർഷങ്ങളുടെ കരാർ ബാക്കിയുണ്ടെങ്കിലും ക്ലബിന്റെ ആരാധകർ എതിരായതോടെയാണ് നെയ്‌മർ ക്ലബ് വിടാനുള്ള സാധ്യത തുറന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ നെയ്‌മർക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുണ്ടെന്ന റിപ്പോർട്ടുകൾ സജീവമായി വരുമ്പോഴാണ് താരത്തെ പെപ് ഗ്വാർഡിയോള ഫോണിൽ ബന്ധപ്പെട്ടിരിക്കുന്നത്.

നെയ്‌മറുമായി ഫോണിൽ സംസാരിച്ച ഗ്വാർഡിയോള താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് തന്നെയാണ് അന്വേഷിച്ചത്. താരത്തിന്റെ മാനസിക നില എന്താണെന്നും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എന്ത് ചെയ്യാനാണ് ഉദ്ധേശമെന്നുമെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം അട്ടിമറിക്കാനുള്ള ശ്രമമായി ഇതിനെ കാണാവുന്നതാണ്.

ഈ സീസണിൽ നിരവധി താരങ്ങൾ മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ടു തന്നെ പുതിയ താരങ്ങൾ വേണം എന്നതിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് നെയ്‌മർ വന്നാൽ അത് തങ്ങളുടെ ആധിപത്യത്തിന് തിരിച്ചടിയാകുമെന്ന് പെപ് ഗ്വാർഡിയോള വിശ്വസിക്കുന്നുണ്ടാകും. അതുകൊണ്ടാകാം താരത്തെ സ്വന്തമാക്കാനുള്ള ശ്രമം നടത്തുന്നത്.

Pep Guardiola Calls Neymar