ബെൻസിമക്ക് ഓഫർ നൽകിയത് സൗദി ഗവൺമെന്റ്, ഏതു ക്ലബിനെയും തിരഞ്ഞെടുക്കാൻ അവസരം | Karim Benzema

റയൽ മാഡ്രിഡിന്റെ പ്രധാന സ്‌ട്രൈക്കറായ കരിം ബെൻസിമക്ക് സൗദിയിൽ നിന്നും വന്ന ഓഫറുകളുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് സൗദിയിൽ നിന്നും ബെൻസിമക്ക് ഓഫർ വന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ഇതു പരിഗണിക്കാനും ക്ലബ് വിടാനും താരത്തിന് താത്പര്യമുണ്ടെന്നാണ് റയൽ മാഡ്രിഡ് കരുതുന്നത്.

റിപ്പോർട്ടുകൾ പ്രകാരം സൗദിയിലെ ഏതെങ്കിലും ക്ലബല്ല, മറിച്ച് സൗദി ഗവണ്മെന്റ് തന്നെയാണ് കരിം ബെൻസിമക്ക് ഓഫർ നൽകിയിരിക്കുന്നത്. സൗദി പ്രൊ ലീഗിൽ കളിക്കുന്ന ഏതു ക്ലബ്ബിലേക്ക് വേണമെങ്കിലും ചേക്കേറാൻ ഇതുവഴി ഫ്രഞ്ച് താരത്തിന് കഴിയും. കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയ താരത്തെ ഏതു വിധേനയും ടീമിലെത്തിക്കാനുള്ള ശ്രമമാണ് സൗദി നടത്തുന്നതെന്ന് വ്യക്തമാണ്.

ഓഫർ സ്വീകരിച്ചാൽ താരത്തിന് നികുതിയൊന്നും ഉണ്ടാകില്ല. തന്റെ ഇമേജ് റൈറ്റ്സിന്റെ മുഴുവനും ബെൻസിമക്ക് തന്നെ ലഭിക്കും. ഇതിനു പുറമെ വാണിജ്യപരമായ ഡീലുകളിലുള്ള മുഴുവൻ അവകാശം, ആഡംബരപൂർണമായ ജീവിതം എന്നിവയെല്ലാം ഡീലിൽ ഉൾപ്പെടുന്നു. മൊത്തം 345 മില്യൺ പൗണ്ട് മൂല്യമുള്ള രണ്ടു വർഷത്തെ കരാറാണ് സൗദി ഗവണ്മെന്റ് മുന്നോട്ടു വെച്ചിരിക്കുന്നത്.

അതേസമയം ഓഫർ സ്വീകരിക്കുന്ന കാര്യത്തിൽ ഫ്രഞ്ച് താരം ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ തന്റെ തീരുമാനം ബെൻസിമ റയൽ മാഡ്രിഡിനെ അറിയിക്കുമെന്നാണ് സൂചനകൾ. താരത്തിന്റെ തീരുമാനം അറിയുന്നതിന് വേണ്ടിയാണ് റയൽ മാഡ്രിഡും കാത്തിരിക്കുന്നത്. ഫ്ലോറന്റീനോ പെരസ് ബെൻസിമയെ ഫോണിൽ ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

Not Club Saudi Government Made Offer For Karim Benzema