മെസിക്കും മുന്നിലെത്തി വിനീഷ്യസ്, ഇനി ഫുട്ബോൾ ലോകം ഭരിക്കുക ബ്രസീലിയൻ താരം | Vinicius Junior

റയൽ മാഡ്രിഡിലേക്ക് ചേക്കേറിയെ ആദ്യകാലഘട്ടത്തിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ വിനീഷ്യസ് ജൂനിയറിനു കഴിഞ്ഞില്ലെങ്കിലും ആൻസലോട്ടി പരിശീലകനായി എത്തിയതോടെ താരത്തിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടു. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ ബ്രസീലിയൻ താരമിപ്പോൾ റയൽ മാഡ്രിഡിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്.

നിലവിൽ ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളെന്ന തലത്തിലേക്ക് ഉയർന്ന വിനീഷ്യസിന് ഇരുപത്തിരണ്ടു വയസ് മാത്രമാണ് പ്രായം. അതുകൊണ്ടു തന്നെ ഇനി ലോകഫുട്ബോൾ ഭരിക്കാൻ പോകുന്ന താരങ്ങളിലൊരാൾ വിനീഷ്യസാകുമെന്നും ഉറപ്പാണ്. നിലവിൽ ലോകഫുട്ബോളിൽ തന്നെ ഏറ്റവും മൂല്യം കൂടിയ താരങ്ങളിലൊരാളായ വിനീഷ്യസ് ലയണൽ മെസിയെ തന്നെ മറികടന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഈ സീസണിൽ യൂറോപ്യൻ ലീഗുകളിൽ ഏറ്റവുമധികം ഡ്രിബിളിംഗുകൾ പൂർത്തിയാക്കിയ താരമെന്ന കണക്കിലാണ് വിനീഷ്യസ് ജൂനിയർ മുന്നിൽ എത്തിയിരിക്കുന്നത്. വിനീഷ്യസ് നൂറ്റിയെട്ടു ഡ്രിബ്ലിങ് പൂർത്തിയാക്കിയപ്പോൾ കഴിഞ്ഞ മത്സരത്തിലൂടെ മെസി നൂറു ഡ്രിബ്ലിങ് പൂർത്തിയാക്കിയിരുന്നു. മറ്റൊരു താരവും ഇതുവരെ നൂറു ഡ്രിബ്ലിങ്ങുകൾ ഈ സീസണിൽ പൂർത്തിയാക്കിയിട്ടില്ല.

മുപ്പത്തിയാറാം വയസിലേക്ക് നീങ്ങുന്ന ലയണൽ മെസിയും ഇരുപത്തിരണ്ടുകാരനായ വിനീഷ്യസ് ജൂനിയറും തമ്മിൽ ശാരീരികസ്ഥിതിയിൽ വ്യത്യാസം ഉണ്ടാകുമെങ്കിലും ബ്രസീലിയൻ താരത്തെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടം തന്നെയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും നാൽപ്പതിൽ അധികം ഗോളുകളിൽ പങ്കാളിയായ താൻ ലോകഫുട്ബോളിന്റെ നെറുകയിലേക്ക് കയറുമെന്ന് താരം വ്യക്തമാക്കുന്നു.

Vinicius Junior Completed More Dribbling Than Lionel Messi