പ്രീമിയർ ലീഗിലേക്ക് തന്നെ, ഏതു ക്ലബിൽ കളിക്കണമെന്ന കാര്യത്തിൽ നെയ്‌മർ തീരുമാനമെടുത്തു | Neymar

ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ആരാധകർ താരത്തിന്റെ വീടിന്റെ മുന്നിലടക്കം പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് ഇനി ഫ്രാൻസിൽ തുടരില്ലെന്ന തീരുമാനം നെയ്‌മർ എടുത്തത്. യൂറോപ്പിൽ തന്നെ തുടരുമെന്നുറപ്പുള്ള മുപ്പത്തിയൊന്നുകാരനായ താരത്തിന് നിരവധി ഓഫറുകളുമുണ്ട്.

ഏതു ക്ലബ്ബിലേക്ക് ചേക്കേറണമെന്ന കാര്യത്തിൽ നെയ്‌മർ തീരുമാനമെടുത്തുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഎസ്‌ജിയുമായുള്ള കരാർ നാല് വർഷം ബാക്കിയുണ്ടെങ്കിലും പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാമെന്ന തീരുമാനമാണ് നെയ്‌മർ എടുത്തിരിക്കുന്നത്, ഒന്നുകിൽ പിഎസ്‌ജി, അല്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന നിലപാടാണ് ബ്രസീലിയൻ താരത്തിന്റേത്.

നെയ്‌മർക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുണ്ട്. മുപ്പത്തിയൊന്നുകാരനായ താരത്തിന് പരിക്കുകൾ ഇല്ലെങ്കിൽ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുക. ഈ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ ടീമിനെ കൂടുതൽ നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിക്കുന്നുണ്ട്. നെയ്‌മർ ടീമിലെത്തിയാൽ ക്ലബ്ബിനതു കൂടുതൽ കരുത്താണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത് നെയ്‌മർക്കും ഗുണം ചെയ്യുന്ന കാര്യമാണ്. എറിക് ടെൻ ഹാഗിനു കീഴിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. അദ്ദേഹത്തിന് കീഴിൽ തന്റെ കരിയറിലെ തിരിച്ചടികൾ മറികടക്കാൻ ബ്രസീലിയൻ താരത്തിന് കഴിയും. അതേസമയം നെയ്‌മറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

Neymar Wants To Join Manchester United