ബാലൺ ഡി ഓർ ചടങ്ങിൽ പ്രധാന അവാർഡുകൾ സ്വന്തമാക്കുക റയൽ മാഡ്രിഡ്, ബാഴ്സലോണ താരങ്ങൾ
ഈ വർഷത്തെ ബാലൺ ഡി ഓർ ചടങ്ങ് ഒക്ടോബർ 17, തിങ്കളാഴ്ച രാത്രി 12 മണിക്ക് ആരംഭിക്കാനിരിക്കയാണ്. ഫ്രാൻസ് ഫുട്ബോൾ നൽകുന്ന അവാർഡിന്റെ ചടങ്ങുകൾ പാരീസിൽ വെച്ചാണ് നടക്കുന്നത്. മുൻ വർഷങ്ങളിൽ വർഷത്തിന്റെ ആദ്യം നൽകിയിരുന്ന ബാലൺ ഡി ഓറിൽ ഇത്തവണ മാറ്റങ്ങളുണ്ട്. ഒരു വർഷത്തെ പ്രകടനം കണക്കാക്കുന്നതിനു പകരം ഒരു സീസണിലെ പ്രകടനം കണക്കാക്കി അവാർഡ് നൽകുന്നതു കൊണ്ടാണ് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം ഒക്ടോബറിൽ തന്നെ നൽകുന്നത്.
ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരം ആരാണ് സ്വന്തമാക്കുകയെന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമുണ്ടാകില്ല. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ലീഗിലും യൂറോപ്പിലും ജേതാക്കളാക്കാൻ സഹായിച്ച, 46 മത്സരങ്ങളിൽ നിന്നും 44 ഗോളുകൾ നേടിയ കരിം ബെൻസിമ തന്നെയാകും ഇത്തവണ പുരസ്കാരം നേടുകയെന്ന കാര്യത്തിൽ സംശയമില്ല. ബെൻസിമ ബാലൺ ഡി ഓർ നേടുന്നതോടെ സിനദിൻ സിദാനു ശേഷം പുരസ്കാരം നേടുന്ന ആദ്യത്തെ ഫ്രഞ്ച് താരം കൂടിയാകും.
അതേസമയം ബാലൺ ഡി ഓർ പുരുഷവിഭാഗത്തിൽ പ്രധാന അവാർഡുകൾ സ്വന്തമാക്കുക റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും താരങ്ങൾ ആയിരിക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പറയുന്നത്. ബാലൺ ഡി ഓർ ബെൻസിമ നേടുമ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി റയൽ മാഡ്രിഡ് സഹതാരമായ ക്വാർട്ടുവക്കാവും ലഭിക്കുക. അതേസമയം മികച്ച U21 താരത്തിനുള്ള കോപ്പ കിരീടം ബാഴ്സലോണ യുവതാരം ഗാവിയും നേടും.
Benzema, Courtois and Gavi tipped for #BallonDor clean sweep tomorrow https://t.co/uDwjtERYiK
— Football España (@footballespana_) October 16, 2022
കഴിഞ്ഞ സീസണിലെ ബാലൺ ഡി ഓർ ചടങ്ങിലും ബാഴ്സലോണക്ക് ആധിപത്യം ഉണ്ടായിരുന്നു. ബാഴ്സലോണക്കും അർജന്റീനക്കും വേണ്ടി നടത്തിയ പ്രകടനം മെസിയെ പുരസ്കാരത്തിന് അർഹനാക്കിയപ്പോൾ വനിതകളുടെ ബാലൺ ഡി ഓർ ബാഴ്സലോണ ഫെമിനിൻ ടീമിലെ താരമായ പുട്ടയാസ് ആണ് നേടിയത്. കോപ്പ കിരീടം പെഡ്രി നേടിയപ്പോൾ യാഷിൻ ട്രോഫി മാത്രമാണ് ബാഴ്സയിൽ അല്ലാതിരുന്ന ഒരു താരത്തിനു ലഭിച്ചത്. എസി മിലാനിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ ഡോണറുമ്മയാണ് യാഷിൻ ട്രോഫി സ്വന്തമാക്കിയത്.