ബ്ലാസ്റ്റേഴ്‌സിന് പിഴച്ചതെവിടെ, വമ്പൻ തോൽവിയുടെ കാരണം വെളിപ്പെടുത്തി വുകോമനോവിച്ച്

എടികെ മോഹൻ ബഗാനെതിരെ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ കനത്ത തോൽവിയുടെ കാരണം വെളിപ്പെടുത്തി പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ആദ്യത്തെ മിനിറ്റുകളിൽ എടികെയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന്റെ ലീഡ് നേടിയതിനു ശേഷമാണ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽവി വഴങ്ങിയത്. ഗോൾ നേടിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന് കളിയിലുണ്ടായിരുന്ന അക്ഷോഭ്യത നഷ്‌ടമായെന്നും അതിനു ശേഷം എടുത്ത തീരുമാനങ്ങളെല്ലാം പിഴച്ചുവെന്നും വുകോമനോവിച്ച് പറഞ്ഞു.

“ഇതുപോലൊരു കരുത്തുറ്റ ടീമിനെതിരെ കളിക്കുമ്പോൾ, അവർ മുറിവേറ്റവർ കൂടിയാകുമ്പോൾ, അതൊരു ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. ഞങ്ങൾക്കൊരു ആശയമുണ്ടായിരുന്നു. മത്സരം തുടങ്ങിയ രീതി നോക്കുമ്പോൾ ഞങ്ങൾ വളരെ കരുതരായിരുന്നു. പ്രെസ്സിങ്ങിൽ ഞങ്ങൾ മികച്ചു നിന്നു, എതിരാളികളെ മധ്യനിരയിൽ നിന്നും കടക്കാൻ ഞങ്ങൾ ശ്രമിച്ചില്ല. ഞങ്ങൾ മനോഹരമായൊരു ഗോൾ നേടുകയും ചെയ്‌തു.”

“എന്നാൽ പെട്ടന്ന് മത്സരത്തിലുള്ള അക്ഷോഭ്യത നഷ്‌ടമായതോടെ എതിരാളികൾക്ക് പന്ത് ലഭിക്കാനുള്ള അവസരങ്ങളും മത്സരത്തെ പടുത്തെടുക്കാനുള്ള സാധ്യതയും ഞങ്ങളുണ്ടാക്കി. അത് ഞങ്ങൾ മികച്ച അവസരത്തിൽ നിൽക്കുമ്പോൾ രണ്ടു ഗോളുകൾ വഴങ്ങാൻ കാരണമായി. ആക്രമണം എങ്ങിനെ സംഘടിപ്പിക്കണം എന്ന കാര്യത്തിലും ഡുവൽസിൽ വിജയിക്കുന്ന കാര്യത്തിലും മോശം തീരുമാനങ്ങൾ ഉണ്ടായിരുന്നു. കളിക്കാർ ഇത്തരം സന്ദർഭങ്ങളിൽ സ്വയം മനസിലാക്കണം. ഇതുപോലെ കരുത്തരായ ടീമിനും കരുത്തരായ താരങ്ങൾക്കുമെതിരെ ഇത്തരം സന്ദർഭങ്ങളിൽ കളിക്കുമ്പോൾ തീരുമാനങ്ങൾ എടുക്കുന്നത് നിർണായകമാണ്.” പരിശീലകൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതികരിച്ച രീതിയിലുള്ള പിഴവ് കൊണ്ടാണ് എതിരാളികൾ മത്സരത്തിലേക്ക് വന്നതെന്നും നല്ലൊരു സന്ദർഭത്തിൽ 1-2നു പിന്നിലായതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പകുതിയിൽ കൂടുതൽ പ്രസ് ചെയ്‌ത്‌ കളിയിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ഈ പിഴവുകളും മോശം തീരുമാനങ്ങളും കാരണം വീണ്ടും ഗോൾ വഴങ്ങിയെന്നു കൂടി പറഞ്ഞ വുകോമനോവിച്ച് 1-3നു പിറകിൽ നിൽക്കുന്ന സമയത്തും കളിയിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചതിനാൽ പ്രത്യാക്രമണം വഴി കൂടുതൽ ഗോൾ വഴങ്ങിയെന്നും പറഞ്ഞു. എങ്കിലും ടീമിനു മികച്ച അവസരങ്ങൾ മത്സരത്തിൽ സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനിയും മുന്നോട്ടു പോകാനുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ മത്സരത്തിലെ കനത്ത തോൽവി. പിഴവുകൾ തിരുത്താനും തിരിച്ചു വരാനും ഇതു പരിശീലകനെ സഹായിക്കും. അടുത്ത മത്സരത്തിൽ ഒഡിഷ എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.