ചാമ്പ്യൻസ് ലീഗിൽ നിന്നും മൂന്നു വർഷം വിലക്കിയാൽ ബാക്കപ്പ് പ്ലാനായി വമ്പൻ തുക കരുതി വെച്ച് റയൽ മാഡ്രിഡ്

റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് മുൻകൈയെടുത്ത് നടപ്പിലാക്കാൻ ശ്രമിച്ച യൂറോപ്യൻ സൂപ്പർ ലീഗ് പ്രോജക്റ്റ് ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയ ഒന്നാണ്. യൂറോപ്പിലെ നിരവധി പ്രധാന ക്ലബുകൾ തുടക്കത്തിൽ ഇതിന്റെ ഭാഗമായി നിന്നെങ്കിലും യുവേഫയുടെ ഭീഷണിയും ആരാധകരുടെ പ്രതിഷേധവും അതിൽ നിന്നും നിരവധി ക്ലബുകൾ പിൻമാറാൻ കാരണമായി. നിലവിൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ക്ലബുകൾ മാത്രമാണ് യൂറോപ്യൻ സൂപ്പർലീഗെന്ന പദ്ധതിയിൽ നിന്നും പിന്മാറാതെ നിൽക്കുന്നത്.

യൂറോപ്യൻ സൂപ്പർലീഗുമായി ബന്ധപ്പെട്ട് റയൽ മാഡ്രിഡും യൂറോപ്യൻ ഫുട്ബോൾ ഗവേർണിംഗ് ബോഡിയായ യുവേഫയും തമ്മിൽ നിയമപോരാട്ടവും നടക്കുന്നുണ്ട്. ലക്സംബർഗിൽ വെച്ചു നടക്കുന്ന വിചാരണ യുവേഫക്കു നേട്ടങ്ങൾ ഉണ്ടാക്കുമെന്നും ഫ്ലോറന്റീനോ പെരസിന്റെ വിഭാഗത്തിന് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുമെന്നുമാണ് യൂറോപ്യൻ കമ്മീഷൻ വിലയിരുത്തുന്നത്. ചിലപ്പോൾ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ നിന്നും മൂന്നു വർഷത്തെ വിലക്ക് അടക്കമുള്ള നടപടികളും ഉണ്ടായേക്കാം.

തങ്ങൾക്കെതിരെ നടപടി ഉണ്ടായേക്കാമെന്ന ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും അത്തരമൊരു സാഹചര്യത്തിലേക്ക് യുവേഫക്ക് എത്തിക്കാൻ കഴിയില്ലെന്നും അതിനെ തടയാനാവുമെന്നും തന്നെയാണ് റയൽ മാഡ്രിഡ് ഉറച്ചു വിശ്വസിക്കുന്നത്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ അത്തരമൊരു വിലക്ക് വരികയാണെങ്കിൽ അതുണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചിട്ടുണ്ട്.

വോസ്‌പോപ്പുലിയുടെ റിപ്പോർട്ടുകൾ പ്രകാരം 780 മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് ഈ സാഹചര്യത്തെ നേരിടാൻ ട്രെഷറിയിൽ കരുതി വെച്ചിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്കു വന്നാൽ അതു ക്ലബിന്റെ വരുമാനത്തെയും സ്പോൺസർഷിപ്പിനെയും കാര്യമായി തന്നെ ബാധിക്കും. അതിനെയെല്ലാം മറികടക്കാൻ വേണ്ടിയാണ് ഈ തുക റയൽ മാഡ്രിഡ് ബാക്കപ്പായി കരുതി വെക്കുന്നത്.

കോവിഡ് ഫുട്ബോൾ ക്ലബുകളെയാകമാനം പിടിച്ചുലച്ചപ്പോഴും അതിൽ ഇളകാതെ നിന്ന ക്ലബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്. അതിനൊപ്പം അവർ ലീഗിലും യൂറോപ്പിലും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു. സാന്റിയാഗോ ബെർണാബു സ്റ്റേഡിയം പുതുക്കിപ്പണിഞ്ഞതു വഴി തങ്ങളുടെ ബിസിനസ് വർധിപ്പിക്കാനും ഇപ്പോൾ ലഭിക്കുന്നതിന്റെ ഇരട്ടി വരുമാനം വർഷത്തിൽ ഉണ്ടാക്കാനുമുള്ള പദ്ധതികളാണ് റയൽ മാഡ്രിഡ് ഇനി ആവിഷ്കരിക്കാൻ പോകുന്നത്.