റയൽ മാഡ്രിഡ് താരത്തെ അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ ബാഴ്‌സലോണ തയ്യാറെടുക്കുന്നു

സാവി പരിശീലകനായി എത്തിയതിനു ശേഷം നിരവധി അഴിച്ചുപണികൾക്ക് വിധേയമായ ക്ലബാണ് ബാഴ്‌സലോണ. കഴിഞ്ഞ ജനുവരിയിലും ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലുമായി നിരവധി മികച്ച താരങ്ങളെ സ്വന്തമാക്കിയ ബാഴ്‌സലോണ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. വരുന്ന ട്രാൻസ്‌ഫർ ജാലകങ്ങളിൽ ടീമിനെ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികൾ പരിശീലകൻ സാവിയും ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ബാഴ്‌സലോണയിപ്പോൾ അതിൽ നിന്നെല്ലാം മോചിതരാണ്. അതുകൊണ്ടു തന്നെ വരുന്ന ട്രാൻസ്‌ഫർ ജാലകങ്ങളിൽ ടീമിനു വേണ്ട പുതിയ താരങ്ങളെ സാവി എത്തിക്കുമെന്ന കാര്യവും ഉറപ്പാണ്. ഇതിന്റെ ഭാഗമായി അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റനിര താരമായ മാർകോ അസെൻസിയോയെ ക്ലബിലെത്തിക്കാനുള്ള നീക്കങ്ങൾ ബാഴ്‌സലോണ നടത്തുന്നുണ്ടെന്ന് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്യുന്നു.

ഈ സീസൺ കഴിയുന്നതോടെ റയൽ മാഡ്രിഡ് കരാർ അവസാനിക്കുന്ന താരമാണ് മാർകോ അസെൻസിയോ. ഇതുവരെയും താരത്തിന്റെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് നടത്തിയിട്ടുമില്ല. ഇതിനു പുറമെ ടീമിൽ അവസരങ്ങൾ കുറയുന്നതിൽ അസെൻസിയോക്ക് വളരെ അതൃപ്‌തിയുണ്ട്. മുൻപ് നടന്ന മത്സരത്തിൽ വാമപ്പ് ചെയ്‌തതിനു ശേഷം തന്നെ കളത്തിലിറക്കാത്തതിൽ താരം പ്രതിഷേധം കാണിക്കുകയും ചെയ്‌തിരുന്നു.

ഇരുപത്തിയാറു വയസു മാത്രമുള്ള താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ ലഭിക്കുമെന്നതാണ് ബാഴ്‌സലോണ അസെൻസിയോയെ നോട്ടമിടാൻ ഒരു കാരണം. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ സ്വന്തമാക്കിയ താരങ്ങളിൽ ഏതാനും പേര് ഫ്രീ ഏജന്റായിരുന്നു. ഇതിനു പുറമെ മികച്ച പരിചയസമ്പത്തും ഗോളുകൾ നേടാനുള്ള കഴിവും താരത്തെ സ്വന്തമാക്കാൻ സാവിയെ പ്രേരിപ്പിക്കുന്നു.

റയൽ മയോർക്കയിൽ കളിക്കുന്ന സമയത്തു തന്നെ ബാഴ്‌സലോണക്ക് സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്ന താരമായിരുന്നു മാർകോ അസെൻസിയോ. എന്നാൽ റയൽ മാഡ്രിഡാണ് താരത്തെ സ്വന്തമാക്കുന്നതിൽ വിജയിച്ചത്. റയൽ മാഡ്രിഡിനായി നിരവധി കിരീടങ്ങൾ സ്വന്തമാക്കുന്നതിൽ അസെൻസിയോ പങ്കു വഹിക്കുകയും ചെയ്‌തു.