എൻസോയുടെ കരാർ നീട്ടിയത് വലിയ തന്ത്രം, ചെൽസി കളിക്കുന്നത് ബുദ്ധി കൊണ്ട് | Enzo Fernandez

ഖത്തർ ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസിനെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പ്രീമിയർ ലീഗിലെ റെക്കോർഡ് തുക നൽകിയാണ് ചെൽസി സ്വന്തമാക്കിയത്. താരത്തിന് 2031 വരെ നീണ്ടു നിൽക്കുന്ന എട്ടര വർഷത്തെ ദൈർഘ്യമേറിയ കരാറും ചെൽസി നൽകുകയുണ്ടായി. റിലീസിംഗ് ക്ലോസായ 120 മില്യൺ യൂറോ നൽകിയാണ് പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്നും എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്.

എട്ടര വർഷത്തെ കരാറിൽ ചെൽസിയിൽ എത്തിയ താരത്തിന്റെ കോണ്ട്രാക്റ്റ് ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ ചെൽസിക്ക് കഴിയുമെന്ന ഉടമ്പടി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചെൽസി അത് പുതുക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. എട്ടര വർഷത്തേക്ക് കരാറൊപ്പിട്ട താരത്തിന് വീണ്ടും അത് പുതുക്കി നൽകിയത് എന്തിനാണെന്ന ചോദ്യം ആരാധകരുടെ മനസിലുണ്ട്. ചെൽസിയുടെ തന്ത്രമാണ് അതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

106.8 മില്യൺ പൗണ്ടാണ് എൻസോക്കായി ചെൽസി മുടക്കിയത്. എട്ടര വർഷത്തെ കരാറിൽ എൻസോ ടീമിലേക്ക് വന്നതോടെ താരത്തിനായി മുടക്കിയ തുക ഓരോ വർഷത്തേക്കും വിഭജിച്ചു പോകും. ഇതോടെ ഒരു വർഷത്തേക്ക് 12.5 മില്യൺ പൗണ്ട് എന്ന നിലയിലാണ് എൻസോക്കായി ചെൽസി നൽകിയ തുക വരുന്നത്. ഒരു വർഷത്തേക്ക് കരാർ നീട്ടിയതോടെ ഇതിൽ 1.25 മില്യൺ പൗണ്ട് വീതം വീണ്ടും കുറയും. ഇത് തന്നെയാണ് ചെൽസി ഉദ്ദേശിക്കുന്നത്.

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ വരുന്നത് ഓരോ വർഷത്തേക്കും താരത്തിനായി എത്ര തുക ചെൽസി മുടക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. എൻസോക്ക് ചെൽസി ദീർഘകാല കരാർ നൽകിയതോടെ വലിയ തുക ചെറിയ തുകകളായി പിരിഞ്ഞു പോവുകയും ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിൽ നിന്നും ചെൽസി രക്ഷപ്പെടുകയും ചെയ്യും. നൂറു മില്യനോളം നൽകി ചെൽസി സ്വന്തമാക്കിയ മുഡ്രിക്കിനും ഇതുപോലെ ദീർഘകാല കരാറാണ് നൽകിയിരിക്കുന്നത്.

അതിനു പുറമെ ഒരൊറ്റ താരത്തിന്റെ വിൽപ്പന കൊണ്ട് ചെൽസിക്ക് ഈ സമ്മറിൽ ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് ദി അത്ലറ്റികിന്റെ ഡേവിഡ് ഓൺസ്റ്റിൻ പറയുന്നു. മേസൺ മൗണ്ട് പോലെ ചെൽസിയുടെ ഏതെങ്കിലും ഹോംഗ്രോൺ കളിക്കാരനെ നാൽപതു മില്യൺ യൂറോക്ക് വിറ്റാലാണ് ചെൽസിക്ക് ലാഭമുണ്ടാക്കാൻ കഴിയുക. ഈ താരത്തിനായി ചെൽസി ട്രാൻസ്‌ഫർ തുകയൊന്നും മുടക്കിയിട്ടില്ലെന്നതാണ് ഇതിന് കാരണം. ചെൽസി മോശം ഫോമിലാണെങ്കിലും ക്ലബിന്റെ പദ്ധതികൾ വളരെ ബുദ്ധിപൂർവമാണെന്ന് ഇത് വ്യക്തമാക്കുന്നു.

Content Highlights: Reason Chelsea Extend Enzo Fernandez Contract