ലിവർപൂളിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ച ഗോളുമായി ആൻഫീൽഡിനോട് വിട പറഞ്ഞ് ഫിർമിനോ | Roberto Firmino

ഇന്നലെ പ്രീമിയർ ലീഗിൽ ലിവർപൂളും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരം ബ്രസീലിയൻ താരമായ റോബർട്ടോ ഫിർമിനോക്ക് ആൻഫീൽഡിലെ അവസാനത്തെ മത്സരമായിരുന്നു. 2015ൽ ജർമൻ ക്ലബായ ഹോഫൻഹൈമിൽ നിന്നും ഇംഗ്ലീഷ് ക്ളബിലെത്തിയ താരം എട്ടു വർഷത്തിനു ശേഷം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് ക്ലബ് വിടുന്നത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം പുതിയ താരങ്ങൾക്ക് വേണ്ടി വഴിമാറാൻ തീരുമാനിക്കുകയായിരുന്നു.

ആൻഫീൽഡിലെ കാണികൾക്ക് മുന്നിൽ അവസാനത്തെ മത്സരം കളിച്ച താരം ലിവർപൂളിനെ തോൽ‌വിയിൽ നിന്നും രക്ഷിക്കുകയുണ്ടായി. മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ ജേക്കബ് റാംസി നേടിയ ഗോളിൽ ആസ്റ്റൺ വില്ല എൺപത്തിയൊമ്പതാം മിനുട്ട് വരെയും മുന്നിലായിരുന്നു. എന്നാൽ പകരക്കാരനായി ഇറങ്ങിയ മൊഹമ്മദ് സലായുടെ അസിസ്റ്റിൽ മനോഹരമായൊരു ഫിനിഷിംഗിലൂടെ തൊണ്ണൂറാം മിനുട്ടിൽ ലിവർപൂളിനെ ഒപ്പമെത്തിച്ച് ആൻഫീൽഡ് വിടവാങ്ങൽ മനോഹരമാക്കി.

മത്സരത്തിന് ശേഷം ആൻഫീൽഡിലെ കാണികളും സഹതാരങ്ങളും താരത്തിന് അർഹിച്ച യാത്രയപ്പാണ് നൽകിയത്. താരത്തെക്കുറിച്ചുള്ള പാട്ടുകൾ ആൻഫീൽഡിൽ അലയടിച്ചുയർന്നപ്പോൾ ബ്രസീലിയൻ താരത്തെ വികാരാധീനനായാണ് കാണപ്പെട്ടത്. ഇനി ലിവർപൂളിന് ഒരു എവേ മത്സരം കൂടി പ്രീമിയർ ലീഗിൽ ബാക്കിയുണ്ട്. അതിൽ താരം കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ റെഡ്‌സിനു വേണ്ടിയുള്ള അവസാനത്തെ മത്സരമായും ചിലപ്പോൾ ഇത് മാറിയേക്കാം.

എട്ടു വർഷത്തോളം ലിവർപൂളിനോപ്പം ഉണ്ടായിരുന്ന റോബർട്ടോ ഫിർമിനോ 255 മത്സരങ്ങൾ കളിച്ച് 81 ഗോളുകളാണ് നേടിയിട്ടുള്ളത്. ഗോളുകൾ നേടുന്ന സ്‌ട്രൈക്കർ എന്നതിന് പകരം സഹതാരങ്ങൾക്ക് സ്‌പേസുകൾ സൃഷ്ടിക്കാനും അവസരങ്ങൾ ഒരുക്കി നൽകാനും അതുപോലെ തന്നെ പ്രതിരോധത്തെ സഹായിക്കാനും താരത്തിന് കഴിഞ്ഞു. ലിവർപൂളിനോപ്പം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരം ക്ലബിന്റെ ഇതിഹാസമായാണ് ആൻഫീൽഡിനോട് വിട പറയുന്നത്.

Roberto Firmino Scored Last Goal In Anfield Against Aston Villa