ബാഴ്‌സലോണ ജേഴ്‌സിയിൽ റൊണാൾഡോയുടെ മകൻ, അൺഫോളോ ചെയ്യുമോയെന്ന് ആരാധകർ | Cristiano Ronaldo

2009ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറി പിന്നീട് ഒൻപത് വർഷത്തിലധികം അവിടെയുണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിന്റെ സർവകാല ഇതിഹാസമാണ്. റയൽ മാഡ്രിഡിനായി ഏറ്റവുമധികം ഗോൾ നേടിയ താരം തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നാല് ചാമ്പ്യൻസ് ലീഗും രണ്ടു ലീഗും ഉൾപ്പെടെ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയതിനു ശേഷമാണ് 2018ൽ ക്ലബ് വിടുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് ഇതിഹാസമാണെങ്കിലും താരത്തിന്റെ മകനായ മാറ്റിയോ ബാഴ്‌സലോണയെയാണോ പിന്തുണക്കുന്നതെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം റൊണാൾഡോയുടെ പങ്കാളിയായ ജോർജിനോ റോഡ്രിഗസ് പങ്കുവെച്ച വീഡിയോയിൽ റൊണാൾഡോയുടെ മകൻ ബാഴ്‌സലോണ ജേഴ്‌സിയിട്ടാണ് നിൽക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ ആളുകൾ രസകരമായ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ലയണൽ മെസിയെ പിന്തുണച്ചതിന്റെ പേരിൽ പോർച്ചുഗൽ ദേശീയ ടീമിൽ തന്റെ സഹതാരങ്ങളായ ബെർണാഡോ സിൽവ, ജോവോ ഫെലിക്‌സ് എന്നിവരെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്‌തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം പരാമർശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ബാഴ്‌സലോണ ജേഴ്‌സിയിട്ടതിനു തന്റെ മകനെയും അൺഫോളോ ചെയ്യുമോ എന്നാണു ആരാധകർ ചോദിക്കുന്നത്.

ലയണൽ മെസിക്കും മാറ്റിയോ എന്ന പേരിൽ ഒരു മകനുണ്ട്. റൊണാൾഡോയുടെ മകൻ ബാഴ്‌സലോണ ആരാധകനാണെങ്കിൽ മെസിയുടെ മകനായ മാറ്റിയോ ബാഴ്‌സക്ക് എതിരായി നിന്ന് ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഒരിക്കൽ ക്യാമ്പ് ന്യൂവിൽ മത്സരം കാണുമ്പോൾ ബാഴ്‌സലോണയുടെ എതിരാളികൾ നേടിയ ഗോൾ ആഘോഷിക്കുന്ന മാറ്റിയോയുടെ വീഡിയോ വൈറലായിരുന്നു. റൊണാൾഡോയുടെയും മെസിയുടെയും മാറ്റിയോ എന്ന പേരിലുള്ള മക്കളുടെ വൈരുധ്യവും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

Cristiano Ronaldo Son Mateo In Barcelona Kit