ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഓഫർ ലെറ്റർ ലീക്കായി, ലാറ്റിനമേരിക്കയിൽ നിന്നും ഗോളടിയന്ത്രം വരുമെന്ന പ്രതീക്ഷ വർധിക്കുന്നു | Kerala Blasters

ഇക്കഴിഞ്ഞ സീസണിലെ തിരിച്ചടികളെ മറികടക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങളുടെ ഭാഗമായി ബൊളീവിയൻ ലീഗിൽ ഓൾവെയ്‌സ് റെഡി ക്ലബിന് വേണ്ടി കളിക്കുന്ന ഡോർണി റൊമേറോക്ക്‌ ക്ലബ് ശ്രമം ആരംഭിച്ചിരുന്നു. ഇരുപത്തിയഞ്ചു വയസുള്ള താരത്തെ മുന്നേറ്റനിരയിൽ എത്തിച്ച് ദിമിക്ക് കൂട്ടായി കളിപ്പിക്കാൻ വേണ്ടിയുള്ള പദ്ധതിയാണ് കൊമ്പന്മാർക്കുള്ളത്. ജോഷുവയെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് റൊമേറോക്ക് വേണ്ടി ശ്രമം ആരംഭിച്ചത്.

ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പുറത്തു വരുന്നതിനാൽ തന്നെ ഒരു വിഭാഗം ആരാധകർ ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഡോർണി റോമെറോക്ക് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ ഔദ്യോഗിക ഓഫറും ഇപ്പോൾ ലീക്കായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഉടമകളായ മാഗ്നം സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ബൊളീവിയൻ ക്ലബിലേക്ക് താരത്തിന്റെ ട്രാൻസ്‌ഫർ സംബന്ധമായ ഓഫർ ലെറ്റർ പോയിരിക്കുന്നത്.

താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിക്കണമെങ്കിൽ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ലീക്കായ ഓഫർ പ്രകാരം മെയ് 22 വരെയാണ് ഓഫറിന് സാധുതയുള്ളത്. താരത്തിനായി വാഗ്‌ദാനം ചെയ്യുന്ന തുക അടക്കമുള്ള വിവരങ്ങൾ ലെറ്ററിലുണ്ടെങ്കിലും അത് മറച്ചിരിക്കുകയാണ്. ഈ ഓഫറിൽ ബൊളീവിയൻ ക്ലബിന് തൃപ്തിയില്ലെങ്കിൽ അവർ ബ്ലാസ്റ്റേഴ്‌സിന് വിവരം കൈമാറി പുതിയൊരു ഓഫർ നൽകേണ്ടി വരും.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അടുത്ത സീസണിലേക്കായി ലഭിക്കുന്ന മികച്ചൊരു കൂട്ടിച്ചേർക്കൽ ആയിരിക്കും ഡൊമിനിക്കൻ റിപ്പബ്ലിക്ക് താരം. ഇരുപത്തിയഞ്ചു വയസുള്ള താരം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ എട്ടു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ താരം നേടിക്കഴിഞ്ഞു. തങ്ങളുടെ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരത്തെ ക്ലബ് വിട്ടുകൊടുക്കുമോ എന്ന പ്രതിസന്ധിയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ ഇപ്പോഴുള്ളത്.

Kerala Blasters Offer Letter To Dorny Romero Leaked