പ്രീമിയർ ലീഗിനെപ്പോലും കണ്ടം ലീഗാക്കി, ആ നേട്ടമിനി പെപ് ഗ്വാർഡിയോളക്ക് മാത്രം സ്വന്തം | Pep Guardiola

സ്പെയിനിലും ബയേൺ മ്യൂണിക്കിലും നേട്ടങ്ങൾ കൊയ്തെടുത്തതിനു ശേഷം പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ ചുമതല ഏറ്റെടുത്തപ്പോൾ പലരും മുന്നറിയിപ്പുമായി വന്നിരുന്നു. പ്രീമിയർ ലീഗിന്റെ സ്വഭാവം തന്നെ വേറെയാണെന്നും ഇവിടെ നേട്ടങ്ങൾ കൊയ്തെടുക്കാൻ പൊസഷൻ, പാസിംഗ് ഗെയിം മാത്രം പോരെന്നും പലരും പറയുകയുണ്ടായി. എന്നാൽ അതിനൊന്നും ശ്രദ്ധ കൊടുക്കാതെ തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കൊടുക്കുകയാണ് പെപ് ഗ്വാർഡിയോള ചെയ്‌തത്‌.

ഇന്നലെ ആഴ്‌സണൽ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോൽവി വഴങ്ങിയതോടെ തുടർച്ചയായ മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടമാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി നേടിയത്. ഇതോടെ 135 വർഷത്തെ ചരിത്രമുള്ള ഇംഗ്ലീഷ് ലീഗ് ഫുട്ബോളിൽ തുടർച്ചയായി മൂന്നു കിരീടങ്ങൾ നേടുന്ന അഞ്ചാമത്തെ ടീമായി പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി മാറി. ഹഡാഴ്‌സ്ഫീൽഡ്, ആഴ്‌സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളാണ് ഈ നേട്ടങ്ങൾ മുൻപ് സ്വന്തമാക്കിയത്.

അതിനു പുറമെ മൂന്നു ക്ലബുകൾക്കൊപ്പം തുടർച്ചയായി മൂന്നു ലീഗ് കിരീടങ്ങളെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ പരിശീലകനായും പെപ് ഗ്വാർഡിയോള മാറി. ബാഴ്‌സലോണ ടീമിനൊപ്പം 2008-2009 മുതൽ 2010-2011 വരെയുള്ള സീസണുകളിലും ബയേൺ മ്യൂണിക്കിനൊപ്പം 2013-2014 മുതൽ 2015-2016 വരെയുള്ള സീസണുകളിലും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മൂന്നു സീസണുകളിലുമാണ് പെപ് ഗ്വാർഡിയോള ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയത്.

2016ലാണ് പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി പരിശീലകനായി ചുമതല ഏറ്റെടുക്കുന്നത്. അതിനു ശേഷം 2017-18 മുതലിങ്ങോട്ട് അഞ്ചു കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഇതിനിടയിൽ 2019-20 സീസണിൽ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് നേടാൻ കഴിയാതിരുന്നത്. ലിവർപൂളാണ് ആ സീസണിൽ കിരീടം നേടിയത്. വളരെയധികം മത്സരം നിലനിന്നിരുന്ന പ്രീമിയർ ലീഗിനെ ഗ്വാർഡിയോള കണ്ടം ലീഗാക്കി മാറ്റിയെന്നാണ് ആരാധകർ പറയുന്നത്.

38 മത്സരങ്ങളുള്ള ലീഗ് കിരീടം നേടാൻ വളരെയധികം പ്രയത്നവും അധ്വാനവും ആവശ്യമാണെന്നിരിക്കെയാണ് പെപ് ഗ്വാർഡിയോള പുഷ്‌പം പോലെ ഈ നേട്ടങ്ങൾ സ്വന്തമാക്കുന്നത്. ഇനി താരത്തിന് മുന്നിലുള്ളത് ബാഴ്‌സലോണയിൽ നിന്നും പോന്നതിനു ശേഷമുള്ള ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണ്. അതുകൂടി സ്വന്തമാക്കാൻ കഴിഞ്ഞാൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനെന്ന ഖ്യാതി ഗ്വാർഡിയോളക്ക് ലഭിക്കുമെന്നതിൽ സംശയമില്ല.

Pep Guardiola Won Anothe Premier League Title With Manchester City