വിനീഷ്യസിനൊപ്പം നിൽക്കാൻ ക്ലബിന്റെ ബാഡ്‌ജ്‌ നോക്കേണ്ടതില്ല, ബ്രസീലിയൻ താരത്തിന് പിന്തുണയുമായി സാവി ഹെർണാണ്ടസ് | Vinicius Junior

വലൻസിയക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിനിടെ ആരാധകരുടെ വംശീയമായ അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനു പിന്തുണയുമായി ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. സംഭവത്തിനു ശേഷം പ്രതികരിച്ച ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് അധിക്ഷേപം നടത്തിയ ആരാധകരുടെ ഒപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് ബാഴ്‌സലോണ പരിശീലകൻ വിനീഷ്യസിന് തന്റെ പിന്തുണ പ്രഖ്യാപിച്ചത്.

“2023ലും ഇത് സംഭവിക്കുന്നുവെന്നതൊരു നാണക്കേടാണ്. ഇതുപോലെയുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ ക്ലബ് ബാഡ്‌ജുകളോ നിറങ്ങളോ നോക്കാനാവില്ല. ഇത് ജനങ്ങളെ സംബന്ധിച്ചുള്ള കാര്യമാണ്. മെസ്റ്റല്ലയിൽ വിനീഷ്യസിന് സംഭവിച്ചതു പോലെയുള്ള ഏതൊരു കാര്യവും അപലപിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്.” ലീഗ് മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സാവി പറഞ്ഞു.

“മത്സരങ്ങൾ നിർത്തിവെക്കുകയാണ് വേണ്ടത്. ഫുട്ബോളിൽ ആളുകൾ നിങ്ങളെ അധിക്ഷേപിക്കും എന്നതു ശരി തന്നെയാണ്. പക്ഷെ അത് അവസാനിപ്പിക്കാൻ സമയമായി, ഇതുവരെയുള്ളത് മതി എന്നു പറയാനായിരിക്കുന്നു. ഒരു അധിക്ഷേപം ഉണ്ടാകുമ്പോൾ കളിക്കരുത്. ഞാൻ ജോലി ചെയ്യുന്ന സമയത്തെ അധിക്ഷേപങ്ങൾ സഹിക്കാൻ കഴിയില്ല. ബാഴ്‌സലോണ കോച്ചെന്ന നിലയിൽ എനിക്കത് പറയാൻ കഴിയും.” സാവി വ്യക്തമാക്കി.

സ്പെയിനോ ലാ ലിഗയോ വംശീയാധിക്ഷേപകർ മാത്രമുള്ള ഇടമായി കരുതുന്നില്ലെന്നും എന്നാൽ അത്തരം സംഭവങ്ങൾ ഇവിടെ ഉണ്ടാകുന്നത് അവസാനിപ്പിക്കാനുള്ള സമയമായിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രീതിയിലും വിനീഷ്യസിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കേണ്ടതെന്നും അതിനു ലീഗ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Xavi Backs Vinicius Junior Over Racist Chants