മെസി എഫക്റ്റ് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം, ബാഴ്‌സയുടെ ലക്‌ഷ്യം സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കലും | Lionel Messi

മുൻ നേതൃത്വത്തിന്റെ തെറ്റായ നയങ്ങൾ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ക്ലബാണ് ബാഴ്‌സലോണ. അതിന്റെ ഭാഗമായാണ് ലയണൽ മെസിയെ അവർക്ക് വിട്ടുകൊടുക്കേണ്ടി വന്നതും. ലയണൽ മെസി ക്ലബ് വിട്ട സീസണിൽ താരങ്ങളെ സ്വന്തമാക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ബാഴ്‌സലോണ നേരിട്ടത്. തുടർന്ന് ക്ലബിന്റെ ആസ്‌തികൾ വിറ്റാണ് ബാഴ്‌സലോണ താരങ്ങളെ സ്വന്തമാക്കിയത്.

ഇപ്പോൾ ലയണൽ മെസി ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ ശക്തമായി നിൽക്കുകയാണ്. അതിനു വേണ്ടി ബാഴ്‌സലോണ മുന്നോട്ടു വെച്ച പദ്ധതികൾക്ക് ലാ ലിഗ അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ടുകൾ. പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റായാണ് ക്ലബ്ബിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നത്. ജൂൺ മാസത്തോടെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. ആരാധകർ വളരെ ആവേശത്തോടെയാണ് മെസിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്.

ബാഴ്‌സലോണയെ സംബന്ധിച്ച് മെസിയുടെ തിരിച്ചുവരവ് സാമ്പത്തികപരമായി വലിയ ഉത്തേജനം നൽകും. വൈകാരികമായ തലത്തെക്കാൾ അതുകൂടി ലക്ഷ്യം വെച്ചാണ് ബാഴ്‌സലോണ ലയണൽ മെസിയെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ലയണൽ മെസി തിരിച്ചെത്തിയാൽ 230 മില്യൺ യൂറോയുടെ വരുമാനം ബാഴ്‌സലോണക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 150 മില്യൺ യൂറോ സ്‌പോൺസർഷിപ്പ് തലത്തിലും 80 മില്യൺ മാച്ച്ഡേ വരുമാനവുമാണ്.

പിഎസ്‌ജിയിൽ നിലവിൽ ലഭിക്കുന്ന പ്രതിഫലം വെട്ടിക്കുറച്ചാൽ മാത്രമേ ലയണൽ മെസിക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ കഴിയൂ. അതിനു തയ്യാറായ താരം ബാഴ്‌സയുടെ ഓഫറും കാത്തിരിക്കുകയാണ്. വമ്പൻ പ്രതിഫലം നൽകിയുള്ള നിരവധി ഓഫറുകൾ വേണ്ടെന്നു വെച്ചാണ് ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുന്നത്. അങ്ങിനെ വരുമ്പോഴും തന്റെ ക്ലബിന്റെ നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള സംഭാവന താരം നൽകുന്നുമുണ്ട്.

Barcelona Expect 230 Million Economic Boost From Lionel Messi