എന്റെ പൊസിഷനിൽ ഞാൻ മെസിയെക്കാൾ മികച്ചവനാണ്, ബ്രസീലിയൻ താരം പറയുന്നു
ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരമാരാണെന്ന് ചോദിച്ചാൽ എല്ലാവരും സംശയമില്ലാതെ നൽകുന്ന ഉത്തരമാണ് ലയണൽ മെസിയെന്നത്. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയുടെ വളർന്നു വന്നു പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന പദവിയിലേക്ക് മെസി ചുവടു വെച്ച് കയറിയതെല്ലാം ബാഴ്സലോണ ടീമിലൂടെയാണ്. 2021ൽ ക്ലബ് വിടുമ്പോൾ മറ്റു താരങ്ങൾക്ക് തകർക്കാൻ പ്രയാസമായ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് മെസി വിട പറഞ്ഞത്.
അതേസമയം ബാഴ്സലോണയിൽ ഫുട്ബോൾ ലോകത്തെ നിരവധി പ്രമുഖ താരങ്ങൾ തങ്ങളുടെ കരിയറിൽ കളിച്ചിട്ടുണ്ട്. താരമായും പരിശീലകനായും തിളങ്ങിയ ഡച്ച് ഇതിഹാസം യോഹാൻ ക്രൈഫ്, ബ്രസീൽ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർ റൊണാൾഡോ, മറ്റു രണ്ടു ബ്രസീൽ മുന്നേറ്റനിര താരങ്ങളായ റൊമാരിയോ, റൊണാൾഡീന്യോ എന്നിവരെല്ലാം അവർ നടത്തിയ പ്രകടനം കൊണ്ടു തന്നെ ബാഴ്സലോണ ആരാധകരാൽ വാഴ്ത്തപ്പെടുന്ന കളിക്കാരാണ്.
അതേസമയം മെസിയാണ് ബാഴ്സലോണയുടെ നമ്പർ വൺ താരമെന്നത് പൂർണമായും അംഗീകരിച്ചു നൽകാൻ ബ്രസീലിയൻ താരം റൊമാരിയോ പൂർണമായും തയ്യാറല്ല. തന്റെ കരിയറിനെ വില കുറച്ചാണ് അങ്ങനെയുള്ളവർ കാണുന്നതെന്നാണ് താരം പറയുന്നത്. “ഞങ്ങൾ വ്യത്യസ്തമായ പൊസിഷനിലാണ് കളിച്ചിട്ടുള്ളത്. മെസിയുടെ പൊസിഷനിൽ താരം തന്നെയാണ് മികച്ചത്, എന്നാൽ എന്റെ പൊസിഷനിൽ ഞാനാണ് മെസിയെക്കാൾ മികച്ചത്.” റൊമാരിയോ ഇഎസ്പിഎന്നിനോട് പറഞ്ഞു.
Romário: "En mi posición, soy mejor que Messi"
— Manu Heredia (@ManuHeredia21) January 30, 2023
📽️@ESPNUK pic.twitter.com/sZYnHG3P7w
ക്രൈഫിന്റെ കാലത്തെ ബാഴ്സലോണ ടീമിൽ പെപ് ഗ്വാർഡിയോളയുടെ വിഖ്യാതമായ ടീമിലുണ്ടായിരുന്ന മൂന്നു താരങ്ങൾക്ക് മാത്രെമേ ഇടം ലഭിക്കൂവെന്നും റൊമാരിയോ പറഞ്ഞു. 1993 മുതൽ 1995 വരെയുള്ള കാലയളവിലാണ് റൊമാരിയോ ബാഴ്സലോണയിൽ കളിച്ചിട്ടുള്ളത്. അതിനു ശേഷം ക്രൈഫുമായുള്ള പ്രശ്നം കാരണം താരം ബ്രസീലിലേക്ക് തിരിച്ചു പോയി. 1994 ലാ ലിഗ വിജയിക്കുകയും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടുകയും ചെയ്തിട്ടുള്ള റൊമാരിയോ 33 മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ നേടിയിട്ടുണ്ട്.