നിയമങ്ങൾ നൂറിലധികം തവണ തെറ്റിച്ചു, മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ നിന്നു തന്നെ പുറത്തായേക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിനായി ആഴ്‌സണലിനോട് പോരാടുന്ന മാഞ്ചസ്റ്റർ സിറ്റിയെ വലിയ പ്രതിസന്ധി കാത്തിരിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒൻപതു സീസണുകളുടെ ഇടയിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ സാമ്പത്തിക സംബന്ധമായ നിയമങ്ങൾ നൂറിലധികം തവണ തെറ്റിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം സത്യമാണെന്ന് വ്യക്തമായാൽ മാഞ്ചസ്റ്റർ സിറ്റിയെ കാത്തിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും.

സെപ്‌തംബർ 2009 മുതൽ 2017-18 സീസൺ വരെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ സാമ്പത്തിക സംബന്ധമായ നിയമങ്ങൾ തെറ്റിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, കളിക്കാരുടെയും പരിശീലകരുടെയും പ്രതിഫലം, യുവേഫയുടെ നിയന്ത്രണങ്ങൾ, ലാഭസംബന്ധവും സുസ്ഥിരതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ മാഞ്ചസ്റ്റർ സിറ്റി തെറ്റിച്ചുവെന്നാണ് നിയമവിദഗ്ദർ ഇതുമായി ബന്ധപ്പെട്ടു പറയുന്നത്.

മാഞ്ചസ്റ്റർ സിറ്റി സംഭവത്തിൽ തെറ്റുകാരാണെന്ന് ബോധ്യപ്പെട്ടാൽ അവരുടെ പോയിന്റ് വെട്ടിക്കുറക്കുന്നതിലേക്കും ചിലപ്പോൾ പ്രീമിയർ ലീഗിൽ നിന്നു തന്നെ പുറത്താക്കുന്നതിലേക്കും കാരണമായേക്കാം. സംഭവത്തിൽ ക്ലബ് ഇതുവരെയും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. തങ്ങളുടെ ഭാഗം കൃത്യമായി പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ മാഞ്ചസ്റ്റർ സിറ്റി നടത്തുന്നു എന്നാണു ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

നിയമങ്ങൾ ലംഘിച്ചുവെന്ന് പറയപ്പെടുന്ന കാലയളവിലാണ് മാഞ്ചസ്റ്റർ സിറ്റി അവരുടെ ചരിത്രത്തിലെ തന്നെ പ്രധാന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ഇക്കാലയളവിൽ മൂന്നു ലീഗ് കിരീടങ്ങളും ഒരു എഫ്എ കപ്പും മൂന്നു കറബാവോ കപ്പും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. അതേസമയം സാമ്പത്തികസംബന്ധമായ യാതൊരു നയവും തിരുത്തിയിട്ടില്ലെന്നാണ് മാഞ്ചസ്റ്റർ സിറ്റി മുൻപ് വെളിപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഒരുപാട് സങ്കീർണതകൾക്ക് ശേഷമാകും ഇതിൽ അവസാന തീരുമാനം ഉണ്ടാവുക.