ലയണൽ മെസിയില്ലെങ്കിൽ അർജന്റീന ടീം ഞങ്ങളേക്കാൾ താഴെയാണ്, വെളിപ്പെടുത്തലുമായി ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി

കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ വളരെ മോശം പ്രകടനമാണ് ജർമനി കാഴ്‌ച വെച്ചത്. 2014ൽഅർജന്റീനയെ തോൽപ്പിച്ച് കിരീടം നേടിയ അവർ അതിനു ശേഷം നടന്ന 2018 ലോകകപ്പിലും 2022 ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. 2018 ലോകകപ്പിലെ പുറത്താകൽ അപ്രതീക്ഷിതമായ ഒന്നായിരുന്നെങ്കിലും 2022 ലോകകപ്പിൽ നിരവധി യുവതാരങ്ങളുമായെത്തിയ അവർക്ക് ടൂർണമെന്റിന്റെ തീവ്രതയുമായി ഒത്തുപോകാൻ കഴിയാത്തതാണ് തിരിച്ചടി നൽകിയത്.

തുടർച്ചയായി ലോകകപ്പിൽ നേരിടുന്ന തിരിച്ചടികൾ ജർമൻ ഫുട്ബോൾ ഫെഡറേഷനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നിരവധിയാളുകൾ ഫെഡറേഷന്റെ നേതൃത്വത്തിലേക്ക് വന്നു. ബയേർ ലെവർകൂസൻറെ മുൻ താരമായ റൂഡി വോളർ അതിലൊരാളാണ്. ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ ഡയറക്റ്ററായി നിയമിതനായ ഇദ്ദേഹം കഴിഞ്ഞ ദിവസം ലോകകപ്പ് നേടിയ അർജന്റീന ടീമിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

“ലയണൽ മെസി അസാമാന്യനായ താരമാണ്, അത് മാറ്റി നിർത്തിയാൽ ആർക്കും പറയാൻ കഴിയില്ല അർജന്റീന ഞങ്ങളെക്കാൾ മികച്ച ടീമാണെന്ന്. പക്ഷെ അവർ വളരെയധികം ആവേശത്തോടെയാണ് പ്രതിരോധിച്ചു കൊണ്ടിരുന്നത്. അവർ മത്സരങ്ങളിൽ ഡിഫൻഡ് ചെയ്‌തിരുന്നത്‌ മികച്ച രീതിയിലായിരുന്നു, അതാണ് അർജന്റീനയെ ലോകകപ്പ് ജേതാക്കളാക്കാൻ പ്രധാനമായും സഹായിച്ചത്.” അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

നിലവിൽ ജർമനിയുടെ മോശം ഫോമിനെ കുറിച്ചും വോളർ സംസാരിച്ചു. താരങ്ങളെ കൃത്യമായി വളർത്തിയെടുക്കേണ്ടത് ടീമിന് അത്യാവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ആധുനിക ഫുട്ബോളിൽ സെന്റർ ബാക്കുകൾ പ്രതിരോധിച്ചാൽ മാത്രം പോരെന്നും അതിനു പുറമെ ടീമിന്റെ മുന്നേറ്റങ്ങളെ സഹായിക്കാൻ കഴിയുന്നവർ കൂടിയാകണമെന്നും വോളർ പറഞ്ഞു. താരങ്ങൾക്കിടയിൽ കൃത്യമായ മനോഭാവം ഉണ്ടാക്കിയെടുക്കാൻ പരിശീലകൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.