റൊണാൾഡോ തന്നെ ഒരേയൊരു രാജാവ്, പുരസ്‌കാരങ്ങൾ വാരിക്കൂട്ടി പോർച്ചുഗൽ താരം | Ronaldo

കഴിഞ്ഞ ദിവസം നടന്ന ഗ്ലോബ് സോക്കർ അവാർഡ്‌സിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മൂന്നു പുരസ്‌കാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. മികച്ച താരത്തിനുള്ള പുരസ്‌കാരം അർഹിച്ചതു പോലെ ഹാലാൻഡ് തന്നെ സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ വർഷത്തെ ടോപ് സ്കോററാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.

ആരാധകർ വോട്ടു ചെയ്‌തു തിരഞ്ഞെടുക്കുന്ന ഫാൻസ്‌ പ്ലേയർ ഓഫ് ദി ഇയർ, കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരത്തിനുള്ള മറഡോണ അവാർഡ്, മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം എന്നിവയാണ് റൊണാൾഡോ സ്വന്തമാക്കിയത്. ചടങ്ങിന്റെ പ്രധാന ആകർഷണവും റൊണാൾഡോ തന്നെയായിരുന്നു.

മികച്ച പരിശീലകനുള്ള അവാർഡ് കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ വലിയ നേട്ടങ്ങളിലേക്ക് നയിച്ച പെപ് ഗ്വാർഡിയോളക്കായിരുന്നു. അതിനു പുറമെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ താരമായ എഡേഴ്‌സൺ സ്വന്തമാക്കി. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണ വനിതാ ടീമിന്റെ താരമായ ഐറ്റാന ബോൺമാറ്റിക്കായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഫിഫ ബെസ്റ്റ് അവാർഡ്‌സ് ചടങ്ങ് താരങ്ങളുടെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പുരസ്‌കാരം നേടിയ ലയണൽ മെസിയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വന്ന എർലിങ് ഹാലാണ്ടുമൊന്നും ചടങ്ങിനായി എത്തിയിരുന്നില്ല. അതേസമയം ഗ്ലോബ് സോക്കർ അവാർഡ്‌സിൽ എല്ലാ താരങ്ങളും എത്തിയെന്നത് ചടങ്ങിനെ ശ്രദ്ധേയമാക്കി.

ആദ്യമായാണ് ഹാലാൻഡ് ഗ്ലോബ് സോക്കർ അവാർഡ്‌സിൽ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്നത്. അതേസമയം ഏറ്റവുമധികം തവണ ഈ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത് റൊണാൾഡോയാണ്. ആറു തവണ താരത്തെ ഈ നേട്ടം തേടിയെത്തിയിട്ടുണ്ട്. ഇത്തവണ അവാർഡ് സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റു മൂന്ന് അവാർഡുകൾ നേടി താരം ആധിപത്യം സ്ഥാപിച്ചു.

Ronaldo Bags Trio Of Honours In Globe Soccer Awards