സൗദി അറേബ്യയുടെ പരമ്പരാഗത വസ്ത്രങ്ങളിൽ തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഖത്തർ ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ടോപ് സ്കോററായ താരമാണ് അത്രയൊന്നും അറിയപ്പെടാത്ത ലീഗിൽ അറിയപ്പെടാത്ത ക്ലബിൽ കളിക്കുന്നത്. എന്നാൽ കരാർ ഒപ്പുവെച്ചതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറിയിരുന്നു.
സൗദിയിൽ കളിക്കളത്തിലും പുറത്തുമുള്ള ജീവിതത്തോട് റൊണാൾഡോ ഇണങ്ങി വരികയാണെന്നാണ് കരുതേണ്ടത്. സൗദിയിൽ എത്തിയതിനു ശേഷം ആദ്യത്തെ മത്സരങ്ങളിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ ടീമിലെ പ്രധാന താരമായി റൊണാൾഡോ മാറി. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയത്. തന്റെ മികവ് വീണ്ടെടുക്കാൻ സൗദിയിൽ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.
Cristiano Ronaldo celebrates the Founding Day in Saudi Arabia! 🤩 🇸🇦#CristianoRonaldo #AlNassrFc #saudi_founding_day pic.twitter.com/Ffhn0bXgpd
— Sportskeeda Football (@skworldfootball) February 22, 2023
കഴിഞ്ഞ ദിവസം സൗദി സ്ഥാപകദിനത്തിന് റൊണാൾഡോ എത്തിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സൗദിയിലെ പരമ്പരാഗത വസ്ത്രമണിഞ്ഞാണ് റൊണാൾഡോ ചടങ്ങിനായി എത്തിയത്. സൗദിയിലെ പ്രധാനപ്പെട്ട വ്യക്തികളും രാജ്യത്തിന്റെ തലവന്മാരുമായ കിംഗ് സൽമാൻ അബ്ദുൽഅസീസ്, പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്ക് കഴിഞ്ഞ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആശംസകൾ വന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലെ പ്രധാന ആകർഷണം റൊണാൾഡോ ആയിരുന്നു. മറ്റുള്ള പ്രധാന വ്യക്തിത്വങ്ങൾക്കൊപ്പം കാപ്പി കുടിച്ചും ചിത്രങ്ങൾക്ക് പോസ് ചെയ്തും പ്രത്യേക വാളുപയോഗിച്ച് നൃത്തം ചെയ്തുമെല്ലാം റൊണാൾഡോ മുഴുവൻ സമയവും ഉണ്ടായിരുന്നു. സൗദിയുടെ പരമ്പരാഗത വസ്ത്രമണിഞ്ഞ് സൗദി പതാക തോളിലിട്ട് ചടങ്ങിൽ പങ്കെടുത്ത റൊണാൾഡോ അതെല്ലാം നല്ല രീതിയിൽ തന്നെ ആസ്വദിച്ചുവെന്ന കാര്യത്തിൽ സംശയമില്ല.