നിർണായക വെളിപ്പെടുത്തലുമായി സാവി, മെസി ബാഴ്‌സയോട് കൂടുതൽ അടുക്കുന്നു

ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നത് വൈകുന്നതും അത് പുതുക്കുന്നതിൽ നിന്നും പിന്മാറാൻ സാധ്യതയുണ്ടെന്ന വാർത്തകളും ആവേശം നൽകുന്നത് ബാഴ്‌സ ആരാധകർക്കാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം ബാഴ്‌സലോണയിലേക്ക് തിരികെ വരാൻ അത് സാധ്യത വർധിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. അതിനിടയിൽ ലയണൽ മെസിയും താരത്തിന്റെ പിതാവും അടുത്തടുത്ത ദിവസങ്ങളിൽ ബാഴ്‌സലോണയിൽ എത്തിയത് ആരാധകരുടെ പ്രതീക്ഷ കൂട്ടി.

കഴിഞ്ഞ ദിവസം ബാഴ്‌സലോണ പ്രസിഡന്റും മെസിയുടെ പിതാവും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. അതിനിടയിൽ ബാഴ്‌സലോണ പരിശീലകനായ സാവി ഹെർണാണ്ടസ് മെസിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണം ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. മെസിക്ക് മുന്നിൽ ബാഴ്‌സലോണയുടെ വാതിലുകൾ തുറന്നിടുകയാണ് സാവി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ചെയ്‌തത്‌.

“ഇത് മെസിയുടെ വീടാണെന്നും ഇവിടുത്തെ വാതിലുകൾ താരത്തിന് മുന്നിൽ തുറന്നു കിടക്കുമെന്നും ഞാൻ മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. മെസി എന്റെ സുഹൃത്തു കൂടിയാണ്, ഞങ്ങൾ തമ്മിൽ സ്ഥിരമായി സംസാരിക്കാറുണ്ട്. തന്റെ ഭാവിയിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് മെസിയാണ്. ഇത് താരത്തിന്റെ വീടാണെന്ന കാര്യത്തിലും സംശയമില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച താരം എല്ലായിപ്പോഴും ടീമുമായി ഒത്തിണക്കം കാണിക്കും.” സാവി പറഞ്ഞു.

ലയണൽ മെസി ബാഴ്‌സലോണയിലേക്കു തിരികെ വരാനുള്ള സാധ്യതകളുണ്ടെന്ന റിപ്പോർട്ടുകൾ വരുമ്പോഴും താരത്തെ തിരികെയെത്തിക്കാൻ ബാഴ്‌സലോണക്ക് കഴിയുമോയെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. നിലവിൽ തന്നെ 200 മില്യൺ യൂറോയോളം വേതനം ബാഴ്‌സലോണ കുറയ്ക്കണമെന്നു ലാ ലീഗ്‌ ആവശ്യം ഉന്നയിച്ചിരുന്നു. മെസിയെ സ്വന്തമാക്കണമെങ്കിൽ കഴിഞ്ഞ സമ്മറിൽ ചെയ്‌ത പോലെ ബാഴ്‌സലോണ ആസ്തികൾ വിൽക്കേണ്ടി വരാൻ സാധ്യതയുണ്ട്.