മികച്ച പ്രകടനം നടത്തിയെങ്കിലും ഓപ്പൺ ചാൻസ് നഷ്‌ടപ്പെടുത്തി റൊണാൾഡോ, യുവതാരങ്ങളുടെ ഗോളുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

യുവേഫ യൂറോപ്പ ലീഗിലെ ഗ്രൂപ്പ് മത്സരത്തിൽ സിപ്രസ് ക്ലബായ ഒമാനിയോക്കെതിരെ ആദ്യ ഇലവനിൽ ഇടം പിടിച്ച്‌ മികച്ച പ്രകടനം നടത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും യുവതാരങ്ങളുടെ മികവിൽ പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിന്റെ പകുതിയിലധികം സമയം ഒരു ഗോളിന് പിന്നിൽ നിന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പകരക്കാരായിറങ്ങിയ മാർക്കസ് റാഷ്‌ഫോഡിന്റെ ഇരട്ട ഗോളുകളുടേയും ആന്റണി മാർഷ്യലിന്റെ ഗോളിലുമാണ് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ ആദ്യപകുതിയിൽ തുലച്ച മത്സരത്തിൽ സ്വന്തം മൈതാനത്ത് ഓമോണിയയുടെ മുന്നേറ്റങ്ങൾ അവരുടെ പ്രതിരോധത്തെ പിടിച്ചു കുലുക്കുകയും ചെയ്‌തിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആതിഥേയർ ചിത്രത്തിൽ ഇല്ലായിരുന്നെങ്കിലും മുപ്പത്തിനാലാം മിനുട്ടിൽ ബ്രൂണോയുടെ അസിസ്റ്റിൽ കരിം അൻസാരിഫാദ് നേടിയ ഗോളിലൂടെ അവർ ലീഡെടുത്തു. തിരിച്ചടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചെങ്കിലും റൊണാൾഡോ, ആന്റണി എന്നിവരുടെ ഷോട്ടുകൾ ഗോൾകീപ്പർ തടഞ്ഞിടുകയും ബ്രൂണോയുടെ ഷോട്ട് ക്രോസ്ബാറിലടിച്ച് പുറത്തുപോവുകയും ചെയ്‌തത്‌ നിരാശയായി.

രണ്ടാം പകുതിയിൽ എറിക് ടെൻ ഹാഗ് രണ്ടു താരങ്ങളെ കളത്തിലിറക്കിയത് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കളത്തിലിറങ്ങിയ റാഷ്‌ഫോർഡ് എട്ടു മിനിറ്റിനകം ഗോൾ നേടിയപ്പോൾ അറുപത്തിരണ്ടാം മിനുട്ടിൽ ഇറങ്ങിയ മാർഷ്യൽ അടുത്ത മിനുട്ടിലാണ് ഗോൾ നേടിയത്. അതിനു ശേഷം എൺപത്തിനാലാം മിനുട്ടിലാണ് മാർക്കസ് രാഷ്‌ഫോർഡ് ടീമിന്റെ അവസാനത്തെ ഗോൾ നേടുന്നത്. ഈ ഗോളിന് അസിസ്റ്റ് നൽകിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളുകൾ നേടാൻ ഭാഗ്യമില്ലാതെ പോയ ദിവസമായിരുന്നു ഇന്നത്തേത്. ആദ്യപകുതിയിൽ ഗോൾകീപ്പർ തടസം നിന്നപ്പോൾ രണ്ടാം പകുതിയിൽ ദീഗോ ദാലറ്റ് ഒരുക്കി നൽകിയ ഒരു ഓപ്പൺ ചാൻസ് പോസ്റ്റിലടിച്ചാണ് പുറത്തു പോയതുൾപ്പെടെ ലഭിച്ച അവസരങ്ങൾ മുതലാക്കാനും താരത്തിനായില്ല. എങ്കിലും ഒരു ഗോളിന് അവസരമൊരുക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയിരുന്നെങ്കിൽ ക്ലബ് കരിയറിൽ 700 ഗോളുകളെന്ന നേട്ടം സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിയുമായിരുന്നു.

മത്സരത്തിൽ വിജയം നേടിയതോടെ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മൂന്നു മത്സരങ്ങളിൽ രണ്ടു ജയവുമായി ആറു പോയിന്റ് നേടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിൽ നിൽക്കുന്നത്. മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയം നേടിയ സ്‌പാനിഷ്‌ ക്ലബായ റയൽ സോസിഡാഡാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം എവെർട്ടണുമായാണ്.