“മെസിക്കായി ബാഴ്‌സലോണയുടെ വാതിലുകൾ തുറന്നു കിടക്കുന്നു”- താരത്തെ സ്വാഗതം ചെയ്‌ത് ക്ലബിന്റെ എക്കണോമിക് വൈസ് പ്രസിഡന്റ്

അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്കു മുന്നിൽ ബാഴ്‌സലോണയുടെ വാതിലുകൾ തുറന്നു കിടക്കുമെന്ന് ക്ലബിന്റെ എക്കണോമിക് വൈസ് പ്രസിഡന്റ് എഡ്‌വേഡ്‌ റോമിയോ. മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള സാമ്പത്തികശേഷി ബാഴ്‌സലോണ കൈവരിച്ചിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയ അദ്ദേഹം അതിനു പിന്നാലെയാണ് പിഎസ്‌ജി നായകനെ ടീമിലേക്ക് സ്വാഗതം ചെയ്‌തത്‌. ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ദീർഘകാലത്തെ ബാഴ്‌സലോണ കരിയറിനു അവസാനം കുറിച്ച് ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. രണ്ടു വർഷത്തെ കരാറിൽ ഫ്രഞ്ച് ക്ലബിലെത്തിയ താരം ഈ സീസൺ അവസാനിച്ചാൽ ഫ്രീ ഏജന്റായി മാറും. ലയണൽ മെസിയുടെ കരാർ പുതുക്കാൻ പിഎസ്‌ജി സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതിനെ മറികടന്ന് താരത്തെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണയും ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

“ലയണൽ മെസി ബാഴ്‌സലോണക്കൊരു മുതൽക്കൂട്ടാണ്, ക്ലബിന്റെ വാതിലുകൾ എല്ലായിപ്പോഴും താരത്തിനു മുന്നിൽ തുറന്നു കിടക്കും. സ്പോർട്ടിങ് മാനേജ്‌മെന്റാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സ്പോർട്ടിങ് മീനേജ്‌മെന്റ് അതു പരിഗണിച്ചാൽ ഞങ്ങൾ ആ ലക്ഷ്യത്തിനു വേണ്ടി ശ്രമം നടത്തും.” റോമിയോ പറഞ്ഞതായി ലെ പാരീസിയൻ വെളിപ്പെടുത്തി.

ലയണൽ മെസിയെ തിരിച്ചെത്തിക്കുന്ന കാര്യത്തെ സംബന്ധിച്ച് ആദ്യമായല്ല ബാഴ്‌സലോണയിൽ നിന്നൊരു പ്രതികരണം വരുന്നത്. കഴിഞ്ഞ ജൂലൈ 29ന് ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ട തന്നെ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതികൾ തങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ബാഴ്‌സലോണ പരിശീലകനായ സാവിയും മെസിയെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്.

ഈ സീസണിൽ മികച്ച ഫോമിലാണ് ലയണൽ മെസി കളിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ എട്ടു ഗോളുകളും എട്ട് അസിസ്റ്റുകളും ഫ്രഞ്ച് ക്ലബിനായി താരം നേടിയിട്ടുണ്ട്. അർജന്റീനക്കായും മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസി ഈ സീസണിൽ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയതിനു ശേഷം ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.