മത്സരം തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കൊച്ചിയിലേക്ക് ആരാധകർ ഒഴുകുന്നു, വിജയത്തിനായി എല്ലാം നൽകുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരം കൊച്ചിയിൽ വെച്ച് നടക്കാനിരിക്കെ ആവേശത്തിമിർപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഏറെ നാളുകൾക്ക് ശേഷം കൊച്ചിയുടെ മണ്ണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഒരു മത്സരം നടക്കുന്നതിന്റെ സന്തോഷത്തിൽ മത്സരത്തിനായി മണിക്കൂറുകൾ ശേഷിക്കെ തന്നെ കൊച്ചിയിലെ സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിനു കാണികൾ ഒഴുകിയെത്തിയിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തിനുള്ള ടിക്കറ്റിനായി നീണ്ട ക്യൂവാണ് കൗണ്ടറുകളിൽ ഇപ്പോൾ തന്നെ കാണാൻ കഴിയുന്നത്.

മത്സരത്തിനുള്ള ടിക്കറ്റുകളുടെ തൊണ്ണൂറ്റിയാറ് ശതമാനവും ഇപ്പോൾ തന്നെ വിറ്റു പോയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. കൊച്ചിയെ മഞ്ഞക്കടലാക്കാൻ ഏതാണ്ട് എഴുപത്തിനായിരത്തോളം കാണികൾ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഐഎസ്എൽ 2022-23 സീസണിന് ഏറ്റവും മികച്ച തുടക്കം തന്നെയാവും ഇന്ന് സ്റ്റേഡിയത്തിൽ ആരാധകർ നൽകുകയെന്നത് തീർച്ചയാണ്. ഇനി ടീമുകൾ മികച്ച പോരാട്ടവീര്യം കൂടി കാഴ്‌ച വെച്ചാൽ ഇന്നത്തെ മത്സരം ആരാധകർക്ക് മികച്ചൊരു അനുഭവമായിരിക്കും. ആരാധകരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് പരിശീലകൻ വുകോമനോവിച്ച് സംസാരിക്കുകയും ചെയ്‌തു.

“സ്റ്റേഡിയത്തിലേക്ക് തിരിച്ചു പോകാനും ആരാധകർക്കൊപ്പം കളിക്കാനും കഴിയുന്നത് മികച്ചൊരു അനുഭവമാണ്. കാരണം ഫുട്ബോൾ ആരാധകർക്കു വേണ്ടിയാണ് കളിക്കുന്നത്, വെള്ളിയാഴ്‌ച അവിടെയുണ്ടാകാൻ കഴിയുന്നത് വളരെയധികം സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഞങ്ങൾ നേടിയെടുത്ത കാര്യങ്ങളിൽ വളരെയധികം സന്തോഷമുണ്ട്. ഞങ്ങൾ ആവേശത്തോടെ മത്സരത്തിനായി തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു.” വുകോമനോവിച്ച് പറഞ്ഞു.

“കഴിഞ്ഞ സീസണിൽ ആരാധകർ ഇല്ലാതെയാണ് കളിച്ചതെന്നതിനാൽ അവരുടെ വലിയ കൂട്ടങ്ങളെ ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങിനെയൊരു അന്തരീക്ഷത്തിൽ കളിക്കുന്നത് വളരെ മോശമായ അനുഭവമാണെന്നു ഞാൻ സമ്മതിക്കുന്നു. ഈ വർഷം, ഞങ്ങൾ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന സമയത്ത് പ്രത്യേകിച്ചും ഈ ലോഗോക്കും ബാഡ്‌ജിനും ഷർട്ടിനുമായി എല്ലാം നൽകും. ഒരുമിച്ച് ഞങ്ങൾക്കെല്ലാം നേടിയെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന താരങ്ങളായിരുന്ന അൽവാരോ വാസ്‌ക്വസ്, ഹോർഹെ പെരേര ഡയസ് എന്നിവരുടെ സാന്നിധ്യം ടീമിനൊപ്പം ഇല്ലെങ്കിലും അതിനു പകരക്കാരാവാൻ കഴിയുന്ന താരങ്ങൾ ടീമിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന് വലിയ കളിക്കാരെ ആവശ്യമില്ലെന്നും ലഭ്യമായ വിഭവങ്ങളെ വെച്ച് കഴിഞ്ഞ സീസണിൽ നടത്തിയതു പോലൊരു മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.