ഇംഗ്ലണ്ടിനേക്കാൾ ലയണൽ മെസി ലോകകപ്പ് ഉയർത്തുന്നതു കാണാനാണ് താൽപര്യമെന്ന് മുൻ ഇംഗ്ലണ്ട് താരം

നവംബറിൽ ഖത്തറിൽ വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പ് ലയണൽ മെസിയെ സംബന്ധിച്ച് കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കും. കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ താൻ തീരുമാനമെടുത്തതായി താരം വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഈ ലോകകപ്പ് നേടാൻ അർജന്റീന കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ലയണൽ മെസിയുടെ നേതൃത്വത്തിൽ മികച്ച കുതിപ്പ് നടത്തുന്ന അർജന്റീന ഈ സീസണിൽ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നു തന്നെയാണ്.

അതേസമയം ഈ സീസണിൽ അർജന്റീന നായകനായ ലയണൽ മെസി ലോകകപ്പ് ഉയർത്തുന്നതു കാണാനാണ് തനിക്ക് താൽപര്യമെന്നാണ് ലിവർപൂൾ ഇതിഹാസവും മുൻ ഇംഗ്ലണ്ട് താരവുമായി ജെമീ കരാഗർ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയെപ്പോലൊരാൾ ലോകകിരീടം അർഹിക്കുന്നുണ്ടെന്നാണ് ഇംഗ്ലണ്ടിനേക്കാൾ അർജന്റീന ലോകകപ്പ് ഉയർത്തുന്നത് കാണാനുള്ള തന്റെ ആഗ്രഹത്തിന് കാരണമായി കരാഗർ പറയുന്നത്.

“നമ്മൾ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച താരം മെസിയാണെന്ന് ഞാൻ കരുതുന്നു. മഹത്തായ താരങ്ങൾ അതിനു മുൻപും ഉണ്ടായിട്ടുണ്ട്. തീർച്ചയായും പെലെ, ചിലപ്പോൾ യോഹാൻ ക്രൈഫ്, നമ്മൾ മറഡോണയെയും കണ്ടിട്ടുണ്ട്. എന്നാൽ ഞാൻ പറയുക മെസിയാണ് ഫുട്ബോൾ കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും മികച്ചതെന്നാണ്.” സിബിഎസ് സ്പോർട്സ് ഗോളാസോയുടെ ഒരു പരിപാടിക്കിടയിൽ ലിവർപൂളിന് വേണ്ടി അഞ്ഞൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം പറഞ്ഞു.

“എന്നാൽ അതെല്ലാവരുടെയും കണ്ണിൽ അങ്ങിനെയായിരിക്കില്ല, പലരും അതിനായി ലോകകപ്പ് വിജയിക്കണമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ ഖത്തറിൽ ലയണൽ മെസിയുടെ അർജന്റീന ലോകകപ്പ് വിജയം നേടണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ എവിടെയാണോ താരത്തെ കാണുന്നത് അതുറപ്പിക്കാൻ വേണ്ടിയാണ്, അതിനൊപ്പം എല്ലാവരുടെയും കണ്ണിൽ മെസി എക്കാലത്തെയും മികച്ച താരമാകുന്നതിനും.” ജെമീ കരാഗർ പറഞ്ഞു.

ഖത്തർ ലോകകപ്പ് വിജയിക്കാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നായി അർജന്റീനയുമുണ്ട്. 2019 മുതൽ തോൽവിയറിയാതെ കുതിക്കുന്ന അവർ 35 മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയാണ് ലോകകപ്പിനെത്തുന്നത്. ഇതിനിടയിൽ രണ്ട് അന്താരാഷ്‌ട്ര കിരീടങ്ങളും അവർ സ്വന്തമാക്കിയെന്നത് അർജന്റീന ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.