അൽ നസ്ർ ചെറിയ ക്ലബല്ല, റൊണാൾഡോക്കൊപ്പമുള്ളത് വമ്പൻ താരനിര | Cristiano Ronaldo
ഏറെ നാളത്തെ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കി ഫ്രീ ഏജന്റായി ക്ലബ്ബിലേക്ക് ചേക്കേറിയ താരം സ്പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെടെ ഇരുനൂറു മില്യൺ യൂറോ പ്രതിവർഷം പ്രതിഫലമായി വാങ്ങുന്ന കരാറാണ് ഒപ്പിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2025 വരെ സൗദി ക്ലബുമായി കരാറൊപ്പിട്ട താരം ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വീണ്ടും കളിക്കുകയെന്ന തന്റെ സ്വപ്നം സഫലമാക്കാൻ കഴിയാതെയാണ് ഏഷ്യൻ ഫുട്ബോളിലേക്ക് ചുവടുമാറ്റം നടത്തിയത്. യൂറോപ്പിൽ നിന്നും ഏഷ്യയിലേക്ക് റൊണാൾഡോ ചുവടുമാറ്റം നടത്തിയത് താരത്തിന്റെ കരിയറിൽ സംഭവിച്ച ഇടിവായി പലരും കണക്കാക്കുന്നു.
എന്നാൽ ചെറിയൊരു ക്ലബിലേക്കല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറുന്നത്. യൂറോപ്യൻ ഫുട്ബോളിൽ കളിക്കാൻ കഴിയുന്ന നിരവധി താരങ്ങളുള്ള ക്ലബാണ് അൽ നസ്ർ. ഇവർക്കൊപ്പമാണ് റൊണാൾഡോ ഇറങ്ങേണ്ടത്. യൂറോപ്യൻ ഫുട്ബോൾ, ലീഗുകൾ എന്നിവയുടെ മികവ് അവകാശപ്പെടാൻ കഴിയില്ലെങ്കിലും നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബിനു ലീഗ് വിജയം നേടിക്കൊടുക്കുക. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ കളിപ്പിച്ച് കിരീടം നേടിക്കൊടുക്കുക തുടങ്ങിയ വെല്ലുവിളികൾ റൊണാൾഡോയുടെ മുന്നിലുണ്ട്. ഇതെല്ലാം സാധിച്ചാൽ യൂറോപ്പിന് പുറമെ സൗദി ഫുട്ബോളിലും ഏഷ്യൻ ഫുട്ബോളിലും വലിയൊരു ചരിത്രം തന്നെ റൊണാൾഡോക്ക് സൃഷ്ടിക്കാൻ കഴിയും.
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പിലെ അവസാനത്തെ മത്സരത്തിൽ ബ്രസീലിനെതിരെ വിജയഗോൾ നേടിയ വിൻസന്റ് അബൂബക്കറാണ് സൗദി അറേബ്യൻ ക്ലബിലെ പ്രധാനപ്പെട്ട ഒരു താരം. മുന്നേറ്റനിരയിൽ റൊണാൾഡോയുടെ പങ്കാളിയായി കാമറൂൺ താരവും ഇറങ്ങും. ഇതിനു പുറമെ ഗോൾവല കാക്കുന്നത്, ആഴ്സണൽ, നാപ്പോളി എന്നീ ക്ലബുകളിൽ കളിച്ചിട്ടുള്ള കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഓസ്പിനയാണ്. ഇതിനു പുറമെ കഴിഞ്ഞ നാല് വർഷത്തിനിടയിൽ മെസിക്ക് പുറമെ അർജന്റീന പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഒരേയൊരു താരമായ പിറ്റി മാർട്ടിനസ്, മുൻ മാഴ്സ താരങ്ങളായ പിറ്റി മാർട്ടിനസ്, ലൂയിസ് ഗുസ്താവോ, ബ്രസീലിയൻ താരം ടാലിഷ്യ എന്നീ താരങ്ങളെല്ലാം അൽ നസ്റിൽ കളിക്കുന്നു.
Known Al Nassr players:
— CR7 Portugal (@CR7_PORFC) December 31, 2022
-David Ospina, former Naples GK
-Alvaro Gonzalez, former Marseille CB
-Konan, former Vitoria SC LB
-Luiz Gustavo, former Marseille CDM
-Pity Martinez, former River Plate CAM
-Aboubakar, former FC Porto ST
-Talisca, former Benfica CAM pic.twitter.com/zTh6EEIRcy
ഇതിനു പുറമെ ഖത്തർ ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച സൗദി ടീമിലെ ആറു കളിക്കാരും അൽ നസ്റിൽ കളിക്കുന്നവരാണ്. യൂറോപ്യൻ ഫുട്ബോളിന്റെ പേരും പ്രശസ്തിയും സൗദി ലീഗിനുണ്ടാകില്ലെങ്കിലും റൊണാൾഡോയെന്ന പേര് അവിടേക്ക് കൂടുതൽ ശ്രദ്ധ ആകര്ഷിക്കുമെന്ന കാര്യം തീർച്ചയാണ്. മാധ്യമങ്ങളുടെ ശ്രദ്ധ തന്നിലേക്ക് കൊണ്ടു വരാൻ ഇപ്പോഴും പ്രത്യേക കഴിവുള്ള റൊണാൾഡോ അത് സൗദിയിലും ആവർത്തിച്ചാൽ ഏഷ്യൻ ഫുട്ബോളിന് അതു കൂടുതൽ പ്രശസ്തി നൽകും. അതിനു പുറമെ സൗദി ക്ലബിനൊപ്പം നേട്ടങ്ങൾ സ്വന്തമാക്കിയും തന്റെ ഫോം വീണ്ടെടുത്തും വേണമെങ്കിൽ യൂറോപ്യൻ ഫുട്ബോളിൽ ഒരിക്കൽ കൂടി അങ്കത്തിനിറങ്ങാൻ റൊണാൾഡോക്ക് കഴിയുമെന്നും ആരാധകർ വിശ്വസിക്കുന്നു.