റൊണാൾഡോ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമോ, സാധ്യതകളിങ്ങിനെ | Kerala Blasters

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലെ അൽ നസ്ർ ക്ലബ്ബിലേക്ക് ചേക്കേറിയത് താരത്തിന്റെ ആരാധകരെ സംബന്ധിച്ച് നിരാശയുണ്ടാക്കിയ ഒരു ട്രാൻസ്‌ഫറാണ്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായ താരമാണ് ആഗോളതലത്തിൽ തീരെ പ്രശസ്‌തമല്ലാത്ത ഒരു ക്ലബുമായി രണ്ടര വർഷത്തെ കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ കരാറോടെ ലോകത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും താരത്തിനായി പ്രധാന ക്ലബുകളൊന്നും രംഗത്തു വരാതിരുന്നതാണ് റൊണാൾഡോയെ സംബന്ധിച്ച് തിരിച്ചടിയായത്.

റൊണാൾഡോയുടെ ട്രാൻസ്‌ഫർ താരത്തിന്റെ ആരാധകർക്ക് നിരാശയാണെങ്കിലും ഏഷ്യൻ ഫുട്ബോളിന് ഇതൊരു ഉണർവ് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. റൊണാൾഡോയിലൂടെ സൗദി ലീഗ് മാത്രമല്ല, എഎഫ്‌സി കപ്പ് പോലെയുള്ള ടൂര്ണമെന്റുകളും കൂടുതൽ ശ്രദ്ധിക്കപ്പെടും. അതേസമയം റൊണാൾഡോയുടെ ട്രാൻസ്‌ഫർ പ്രഖ്യാപിച്ചതിനു പിന്നാലെ താരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുള്ള സാധ്യതയുണ്ടോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. അതിനു സാധ്യത വളരെയധികമുണ്ടെന്നത് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഭാഗ്യമുണ്ടെങ്കിൽ ഐഎസ്എല്ലിലെ ഏതു ക്ലബിനും റൊണാൾഡൊക്കെതിരെ കളിക്കാൻ കഴിയും.

എഎഫ്‌സി ചാമ്പ്യൻസ് ലീഗാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബുകൾക്ക് റൊണാള്ഡോക്കെതിരെ കളിക്കാൻ അവസരം സൃഷ്‌ടിക്കുന്ന ടൂർണമെന്റ്. ഇതിനു യോഗ്യത നേടുകയെന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യം ചെയ്യേണ്ടത്. നിലവിൽ ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീം പ്ലേ ഓഫിലൂടെയാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്. റൊണാൾഡോ കളിക്കുന്ന ടീമായ അൽ നസ്‌റും എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയും രണ്ടു ടീമുകളും ഒരേ ഗ്രൂപ്പിൽ വരികയും ചെയ്‌താലോ നോക്ക്ഔട്ടിലേക്ക് മുന്നേറി പരസ്‌പരം ഏറ്റുമുട്ടുന്ന സാഹചര്യം വന്നാലോ റൊണാൾഡോ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കും.

ഇതിനു പുറമെ എഎഫ്‌സി കപ്പും രണ്ടു ടീമുകൾക്കും ഏറ്റുമുട്ടാൻ അവസരം നൽകുന്ന ടൂർണമെന്റാണ്. ഇന്ത്യയിൽ സൂപ്പർ കപ്പ് ജേതാക്കളും മുൻ സീസണിലെ ഐ ലീഗ് ജേതാക്കളും തമ്മിൽ മത്സരിച്ചാണ് എഎഫ്‌സി കപ്പ് യോഗ്യത നേടുകയെന്നു തീരുമാനിച്ചിരുന്നു. ഇതുവഴി കേരള ബ്ലാസ്റ്റേഴ്‌സ് എഎഫ്‌സി കപ്പിലേക്ക് യോഗ്യത നേടുകയും റൊണാൾഡോയുടെ അൽ നസ്റും അതെ ടൂർണമെന്റിൽ കളിച്ചാലും രണ്ടു ടീമുകളും പരസ്‌പരം ഏറ്റുമുട്ടാനുള്ള അവസരമുണ്ട്. ഇതിനു പുറമെ എഎഫ്‌സി കപ്പ് പ്ലേ ഓഫിലും ടീമുകൾ തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്.

ഒരുപാട് കാര്യങ്ങൾ ശരിയായി വന്നാൽ മാത്രം നടക്കുന്ന സംഭവമാണ് ഇതെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും ക്ലബുകൾക്കും ഇതൊരു വലിയ പ്രതീക്ഷ തന്നെയാണ്. ഖത്തർ ലോകകപ്പിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉണ്ടാക്കിയ ആരവം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുപോലെയുള്ള ആരാധകരുടെ ഇടയിലേക്ക് റൊണാൾഡോയെപ്പോലെയൊരു താരം കളിക്കാൻ എത്തിയാൽ അത് ആവേശകരമായ അനുഭവം തന്നെയാകും. ഇന്ത്യയിലെ ഫുട്ബോളിനും അത് വലിയ വളർച്ച നൽകും.