അവസാന മൂന്നു മത്സരങ്ങളിൽ പതിനാലു ഗോളുകൾ, പത്തിലും പങ്കാളിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Ronaldo

അൽ നസ്‌റിന്റെ മറ്റൊരു മത്സരത്തിൽക്കൂടി റൊണാൾഡോയുടെ മാസ്റ്റർക്ലാസ് പ്രകടനം ആരാധകർ കണ്ട ദിവസമായിരുന്നു ഇന്നലെ. അൽ ഹാസമിനെതിരെ നടന്ന ലീഗ് മത്സരത്തിൽ റൊണാൾഡോ ഒരു ഗോളും രണ്ട് അസിസ്റ്റുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ വിജയം സ്വന്തമാക്കിയത്. സൗദി പ്രൊ ലീഗിൽ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് റൊണാൾഡോയുടെ കരുത്തിൽ അൽ നസ്ർ വിജയം സ്വന്തമാക്കുന്നത്.

മത്സരത്തിൽ ആദ്യത്തെയും മൂന്നാമത്തെയും ഗോളിന് അസിസ്റ്റ് നൽകിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ വിജയമുറപ്പിച്ച് നാലാമത്തെ ഗോൾ നേടുകയും ചെയ്‌തു. സൗദി പ്രൊ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയ അൽ നസ്ർ അതിനു ശേഷം നടന്ന മൂന്നു മത്സരങ്ങളിൽ പതിനാലു ഗോളുകളാണ് അടിച്ചു കൂട്ടിയിരിക്കുന്നത്. ഈ ഗോളുകളിൽ പത്തെണ്ണത്തിലും റൊണാൾഡോ പങ്കു വഹിച്ചിരുന്നു. ആറു ഗോളും നാല് അസിസ്റ്റുമാണ് താരം ഈ മത്സരങ്ങളിൽ സ്വന്തമാക്കിയത്.

ഇന്നലെ നടന്ന മത്സരത്തിൽ ടീമിന്റെ നാലാമത്തെ ഗോൾ നേടിയതോടെ കരിയറിൽ 850 ഗോളുകളെന്ന നേട്ടം സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു. പ്രൊഫെഷണൽ കരിയറിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് കാത്തു സൂക്ഷിക്കുന്ന റൊണാൾഡോ ആറു ഗോളുകളുമായി സൗദി പ്രൊ ലീഗിലെ ടോപ് സ്കോററാണ്. അതിനു പുറമെ നാല് അസിസ്റ്റുമായി ലീഗിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ താരങ്ങളിലും റൊണാൾഡോ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.

തന്റെ മുപ്പത്തിയെട്ടാം വയസിലാണ് റൊണാൾഡോ ഈ പ്രകടനം നടത്തുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പ്രായമായാലും വെറും വാശിയും കളിമികവും തന്നെ വിട്ടു പോകില്ലെന്ന് റൊണാൾഡോ വീണ്ടും തെളിയിച്ചു. സൗദി പ്രൊ ലീഗിലേക്ക് ചേക്കേറിയതിന്റെ പേരിലും ലോകകപ്പിൽ മോശം പ്രകടനം നടത്തിയതിന്റെ പേരിലുമെല്ലാം തനിക്കെതിരെ ഉണ്ടായിരുന്ന വിമർശനങ്ങളെ വേരോടെ പിഴുതെറിയുന്ന പ്രകടനം നടത്തുന്ന താരം ഈ സീസണിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Ronaldo Part Of 10 Goals In Last 3 Games