തൊണ്ണൂറ്റിയഞ്ചാം മിനുട്ടിൽ വിജയഗോൾ, ഉള്ളിലുള്ളത് റയൽ മാഡ്രിഡ് രക്തം തന്നെയെന്നുതെളിയിച്ച് ബെല്ലിങ്ങ്ഹാം | Bellingham

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ജൂഡ് ബെല്ലിങ്ങ്ഹാം തന്റെ മൂല്യം ഓരോ മത്സരങ്ങളിലും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം കളിച്ച നാല് ലാ ലീഗ മത്സരങ്ങളിലും ഗോൾ നേടിയ താരം കഴിഞ്ഞ ദിവസം ടീമിന്റെ വിജയഗോൾ നേടിയത് തൊണ്ണൂറ്റിയഞ്ചാം മിനുട്ടിലാണ്. ഗെറ്റാഫെക്കെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലാണ് ബെല്ലിങ്ങ്ഹാം ടീമിന്റെ രക്ഷകനായത്.

മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ തന്നെ മുൻ റയൽ മാഡ്രിഡ് താരം ബോർഹ മയോറാലിന്റെ ഗോളിൽ ഗെറ്റാഫെ മുന്നിലെത്തിയിരുന്നു. ഗെറ്റാഫെ ലീഡ് നേടിയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമ്മറിൽ ടീമിലെത്തിയ ജോസെലു റയൽ മാഡ്രിഡിനെ ഒപ്പമെത്തിച്ചു. അതിനു ശേഷം വിജയഗോൾ നേടാൻ റയൽ മാഡ്രിഡ് തീവ്രമായ ശ്രമങ്ങൾ നടത്തിയെങ്കിലും ഗെറ്റാഫെ പ്രതിരോധം പിടിച്ചു നിന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലായി.

ഇഞ്ചുറി ടൈമിൽ ബെല്ലിങ്‌ഹാമാണ് ഗോൾ നേടിയതെങ്കിലും അതിന്റെ ക്രെഡിറ്റ് പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് വാസ്‌ക്വസിനു കൂടി അവകാശപ്പെട്ടതാണ്. ഡിഫെൻസിവ് ലൈനിൽ നിന്നും മുന്നേറി വന്ന താരം ബോക്‌സിനു പുറത്തു നിന്നുമെടുത്ത ഷോട്ട് കയ്യിലൊതുക്കാൻ ഗെറ്റാഫെ കീപ്പർക്ക് കഴിഞ്ഞില്ല. ഈ തക്കം മുതലെടുത്ത് ഓടിയെത്തിയ ബെല്ലിങ്ങ്ഹാം അത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ ടോണി ക്രൂസിന്റെ പ്രകടനവും മികച്ചതായിരുന്നു.

വിനീഷ്യസ് ജൂനിയർ ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് ടീമിന് വേണ്ടി വെറ്ററൻ താരമായ ലൂക്ക മോഡ്രിച്ച് നടത്തിയ ഒരു ഹെഡർ ഗോൾശ്രമവും മത്സരത്തിന് ശേഷം ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. മുപ്പത്തിയേഴുകാരനായ താരം ഒരു ഡൈവിങ് ബുള്ളറ്റ് ഹെഡറിലൂടെ ഗെറ്റാഫെ ഗോൾകീപ്പറെ പരീക്ഷിച്ചെങ്കിലും അത് തട്ടിയകറ്റാൻ ഗോളിക്ക് കഴിഞ്ഞു. ലീഗിൽ പൂർത്തിയാക്കിയത് നാല് മത്സരങ്ങളും വിജയിച്ച റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

Bellingham Injury Time Winner For Real Madrid