ഗോളും അസിസ്റ്റും പ്ലേമേക്കിങ്ങുമായി റൊണാൾഡോ നിറഞ്ഞാടുന്നു, വീണ്ടും വമ്പൻ ജയവുമായി അൽ നസ്ർ | Ronaldo

സൗദി പ്രൊ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയതിനു ശേഷം ഗംഭീര പ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ വിജയം നേടിയത്. ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും അൽ നസ്ർ നാലോ അതിലധികമോ ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിനായി മികച്ച പ്രകടനം നടത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ അബ്‌ദുൾ റഹ്‌മാൻ ഗരീബ് മുപ്പത്തിമൂന്നാം മിനുട്ടിൽ നേടിയ ഗോളിൽ അൽ നസ്റാണ് മത്സരത്തിൽ മുന്നിലെത്തിയത്. തന്റെ പ്ലേ മേക്കിങ് ക്ലാസ്സ് വെളിപ്പെടുത്തിയ അസിസ്റ്റാണ് റൊണാൾഡോ മത്സരത്തിൽ നൽകിയത്. അതിനു ശേഷം ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അബ്ദുല്ലാ അൽഖൈബറി അൽ നസ്‌റിന്റെ ലീഡ് ഉയർത്തി. മത്സരം ആദ്യപകുതിക്ക് പിരിയുമ്പോൾ അൽ നസ്ർ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽ ഹാസം ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അതിനു പിന്നാലെ റൊണാൾഡോ നൽകിയ അസിസ്റ്റിൽ പോർച്ചുഗൽ സഹതാരമായ ഒട്ടാവിയോ അൽ നസ്‌റിന്റെ ലീഡ് വീണ്ടുമുയർത്തി. അറുപത്തിയെട്ടാം മിനുട്ടിലാണ് റൊണാൾഡോയുടെ ഗോൾ വരുന്നത്. ആദ്യഗോൾ നേടിയ ഗരീബ് നൽകിയ അസിസ്റ്റിൽ റൊണാൾഡോയുടെ ബുള്ളറ്റ് ഷോട്ട് ഗോൾവല തുളക്കുകയായിരുന്നു. അതിനു ശേഷം എഴുപത്തിയെട്ടാം മിനുട്ടിൽ മാനെ ടീമിന്റെ പട്ടിക തികച്ചു.

സൗദി പ്രൊ ലീഗിലെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ അൽ നാസർ പതിനാലു ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ അതിനു പിന്നിലെ സാന്നിധ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നും പ്രകടനം തന്നെയാണ്. ഒരു ഹാട്രിക്ക് ഉൾപ്പെടെ ആറു ഗോളുകൾ സ്വന്തമാക്കിയ താരം അതിനു പുറമെ നാല് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. ഈ സീസണിൽ കിരീടത്തോടെ തുടങ്ങിയ അൽ നസ്ർ ലീഗ് കിരീടവും സ്വന്തമാക്കാൻ ഉറപ്പിച്ചു തന്നെയാണ് കളിക്കുന്നതെന്ന് സുവ്യക്തം.

Ronaldo Scored And Assisted In Al Nassr Win