ലോകകപ്പിനു ശേഷവും ദേശീയ ടീമിൽ നിന്നും വിരമിക്കില്ല, തന്റെ ലക്‌ഷ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമുണ്ടാവില്ല. തന്റെ മുപ്പത്തിയേഴാം വയസിലും ഏറ്റവും മികച്ച പ്രകടനം കളിക്കളത്തിൽ നടത്തുന്ന താരം ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ പോർച്ചുഗൽ ടീമിനൊപ്പം ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾക്കായി പരിശീലനം നടത്തുന്ന റൊണാൾഡോ അതിലൂടെ ലോകകപ്പിനും ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുകയാണ്.

ലോകകപ്പോടെ തന്റെ പത്താമത്തെ പ്രധാന ടൂർണമെന്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കുന്നത്. മുപ്പത്തിയേഴാം വയസിൽ ലോകകപ്പിൽ പങ്കെടുക്കുന്ന താരം ഈ ടൂർണമെന്റോടെ ദേശീയ ടീമിൽ നിന്നും വിരമിക്കാൻ സാധ്യതയുണ്ടെന്ന് പലരും കരുതിയിരുന്നു. എന്നാൽ വിരമിക്കാനുള്ള പദ്ധതി തനിക്കില്ലെന്നും 2024 യൂറോ കപ്പിലും പോർചുഗലിനായി ഇറങ്ങാൻ ആഗ്രഹമുണ്ടെന്നും കഴിഞ്ഞ ദിവസം പോർച്ചുഗൽ ദേശീയ ടീമിലെ ടോപ് സ്കോറർക്കുള്ള ക്വിനോസ് ഡി ഔറോ അവാർഡ് സ്വീകരിച്ചതിനു ശേഷം റൊണാൾഡോ വ്യക്തമാക്കി.

“ഏതാനും വർഷങ്ങൾ കൂടി ഫെഡറേഷന്റെ ഭാഗമാകാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എനിക്കിപ്പോഴും വളരെയധികം പ്രചോദനമുണ്ട്, എന്റെ ആഗ്രഹങ്ങളും വളരെ വലുതാണ്. ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്ര ഇനിയും തീർന്നിട്ടില്ല. ഞങ്ങൾക്കൊപ്പം നിരവധി മികച്ച യുവതാരങ്ങളുണ്ട്. ലോകകപ്പിൽ എനിക്ക് പങ്കെടുക്കണം, അതിനു ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ടീമിന്റെ കൂടെ ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.” റൊണാൾഡോ പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം പറഞ്ഞു.

“ഇതുപോലെയൊരു അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ എനിക്കു വളരെയധികം അഭിമാനമുണ്ട്. ഇതൊരിക്കൽ നേടാൻ കഴിയുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എന്റെ കരിയറിലുണ്ടായ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇതൊരു നീണ്ട യാത്രയായിരുന്നു, എന്നാൽ എന്റെ യാത്ര ഇനിയും അവസാനിച്ചിട്ടില്ല.” പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടി 189 മത്സരങ്ങളിൽ നിന്നും 117 ഗോളുകൾ നേടി നിലവിൽ ഏറ്റവുമധികം അന്താരാഷ്‌ട്ര ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിലുള്ള താരം പറഞ്ഞു.

2024ലെ യൂറോ കപ്പിൽ പങ്കെടുക്കാൻ കഴിയുകയാണെങ്കിൽ റൊണാൾഡോക്കപ്പോൾ മുപ്പത്തിയൊമ്പതു വയസായിരിക്കും പ്രായം. അതുവരെ തന്റെ ഫോം നിലനിർത്താൻ താരത്തിന് കഴിയുമോയെന്ന സംശയം മാത്രമേയുള്ളൂ. ഈ സീസണിൽ തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെയും പുറത്തെടുക്കാൻ റോണോക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ തന്റെ ഫിറ്റ്നസ് കൃത്യമായി നിലനിർത്തുന്ന താരം തിരിച്ചു വരുമെന്നു തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.