കരാർ പുതുക്കാൻ ലയണൽ മെസി ആവശ്യപ്പെട്ട ഒൻപതു നിബന്ധനകൾ പുറത്തു വിട്ട മാധ്യമത്തിനെതിരെ ബാഴ്‌സലോണ

2021 ജൂണിലാണ് ബാഴ്‌സലോണയുമായുള്ള ലയണൽ മെസിയുടെ കരാർ അവസാനിക്കുന്നത്. ആ കരാർ പുതുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികൾ മൂലം അതു നടന്നില്ല. തുടർന്ന് മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു. എന്തുകൊണ്ട് മെസി നേരത്തെ കരാർ പുതുക്കിയില്ലെന്ന ചോദ്യം ആ സമയത്ത് ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമമായ എൽ മുണ്ടോ വെളിപ്പെടുത്തിയതു പ്രകാരം മെസി മുന്നോട്ടു വെച്ച നിബന്ധനകളാണ് താരത്തിന്റെ കരാർ പുതുക്കുന്നതിന് പ്രതിസന്ധി സൃഷ്‌ടിച്ചത്‌.

റിപ്പോർട്ടുകൾ പ്രകാരം ഒൻപത് ആവശ്യങ്ങളാണ് മെസി ബാഴ്‌സലോണയോട് കരാർ പുതുക്കാൻ ആവശ്യപ്പെട്ടത്. കരാർ മൂന്നു വർഷത്തേക്ക് പുതുക്കണം, തന്റെയും സുവാരസിന്റെയും കുടുംബത്തിന് ക്യാമ്പ് നൂവിൽ പ്രൈവറ്റ് ബോക്‌സ്, കരാർ പുതുക്കാനുള്ള ബോണസായി പത്തു മില്യൺ, റിലീസിംഗ് ക്ലോസ് ഒഴിവാക്കൽ, സ്വകാര്യ വിമാനം, ടാക്‌സ് ഉൾപ്പെടെ വേതനം വർധിപ്പിക്കൽ, പേഴ്‌സണൽ അസിസ്റ്റന്റ് തുടരൽ, സഹോദരനുള്ള കമ്മീഷൻ എന്നിവ അതിലുൾപ്പെടുന്നു. ഇതിൽ കരാർ പുതുക്കാനുള്ള ബോണസ്, റിലീസിംഗ് ക്ലോസ് ഒഴിവാക്കൽ എന്നീ ആവശ്യങ്ങൾ മാത്രം അന്നത്തെ ബാഴ്‌സലോണ പ്രസിഡന്റായ ബാർട്ടമോ അംഗീകരിച്ചില്ല.

താൻ മുന്നോട്ടു വെച്ച ഒൻപതു ആവശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നതു കൊണ്ടാണ് ലയണൽ മെസി അന്നു കരാർ പുതുക്കാൻ തയ്യാറാവാതിരുന്നതെന്നും അതാണ് താരം ബാഴ്‌സലോണ വിടുന്നതിലേക്ക് എത്തിച്ചതെന്നും എൽ മുണ്ടോയുടെ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ റിപ്പോർട്ട് പുറത്തു വന്ന് മണിക്കൂറുകൾക്കകം തന്നെ ബാഴ്‌സലോണ ഈ വിവരങ്ങൾ ചോർത്തിയതിനെതിരെ രംഗത്തു വരികയും റിപ്പോർട്ട് പുറത്തു വിട്ട എൽ മുണ്ടൊക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

ബാർട്ടമോവിന്റെ കാലത്തു നടന്ന നിരവധി ഇടപാടുകളിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്നിരിക്കെ ജുഡീഷ്യൽ അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന വിവരങ്ങൾ ചോർത്തിയതിൽ ബാഴ്‌സലോണ തങ്ങളുടെ പ്രതിഷേധം ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. ക്ലബിന്റെ രേഖകളിലേക്കുള്ള കടന്നു കയറ്റമാണിതെന്നും ഇതു ക്ലബിന്റെ സ്വാകാര്യതയെ ബാധിക്കുമെന്നും ബാഴ്‌സയുടെ നിയമവിഭാഗവുമായി സംസാരിച്ച് ഇതിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന കാര്യം ആലോചിക്കുകയാണെന്നും അവർ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം എൽ മുണ്ടോ പുറത്തുവിട്ട വിവരങ്ങളൊന്നും ബാഴ്‌സലോണ നിഷേധിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 2023ൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന റിപ്പോർട്ടുകൾ ശക്തമായ സാഹചര്യത്തിലാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമെന്ന കാര്യത്തിൽ സംശയമില്ല.