മെസിക്ക് മുന്നിൽ റൊണാൾഡോ അടിയറവ് പറഞ്ഞോ, രണ്ടു പേരും തമ്മിലുള്ള മത്സരം അവസാനിച്ചെന്ന് പോർച്ചുഗൽ താരം | Ronaldo

ഫുട്ബോൾ ആരാധകരെ രണ്ടു ചേരികളിലാക്കിയ താരങ്ങളാണ് മെസിയും റൊണാൾഡോയും. നിരവധി വർഷങ്ങൾ ഇവരിൽ ആരാണ് മികച്ചതെന്ന തർക്കവും രണ്ടു പേരും തമ്മിലുള്ള മത്സരവും ഫുട്ബോൾ ലോകത്ത് നിലനിൽക്കുകയുണ്ടായി. രണ്ടു പേരുടെയും ആരാധകർ അവരുടെ ആരാധനാപാത്രമാണെന്ന് മികച്ചതെന്ന് പല കാരണങ്ങൾ നിരത്തി വാദിച്ചു കൊണ്ടിരുന്നു. എന്നാൽ ഇനി ഫുട്ബോൾ ലോകത്ത് ഈ രണ്ടു താരങ്ങളും തമ്മിലുള്ള മത്സരം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞത്.

“നിങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്‌ടമാണെങ്കിൽ നിങ്ങൾ മെസിയെ വെറുക്കേണ്ട കാര്യമില്ല. ഈ രണ്ടു താരങ്ങളും ഫുട്ബോൾ ചരിത്രം തന്നെ മാറ്റിയവരാണ്, ബഹുമാനമർഹിക്കുന്നവരാണ്. പരസ്‌പരവൈരി? ഞാൻ അങ്ങിനെ കാണുന്നില്ല, അത് അവസാനിക്കുകയും ചെയ്‌തിരിക്കുന്നു. ഞങ്ങൾ പതിനഞ്ചു വർഷത്തോളം വേദി പങ്കു വെച്ചവരാണ്. ഞങ്ങൾ സുഹൃത്തുക്കളാണെന്ന് പറയുന്നില്ല, പക്ഷെ ഞങ്ങൾ പരസ്‌പരം ബഹുമാനിക്കുന്നു.” റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം റൊണാൾഡോയുടെ വാക്കുകൾ മെസിക്ക് മുന്നിലുള്ള കീഴടങ്ങലായാണ് പലരും വിലയിരുത്തുന്നത്. 2023 വർഷത്തെ ബാലൺ ഡി ഓറിന്റെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുന്ന സമയത്ത് തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ പുറത്തു വന്നതെന്നാണ് ഇതിനു കാരണമായി കണക്കാക്കുന്നത്. ഇത്തവണ ബാലൺ ഡി ഓർ മെസി തന്നെ സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. അതോടെ എട്ടു ബാലൺ ഡി ഓർ സ്വന്തമാക്കുന്ന മെസി റൊണാൾഡോക്ക് തൊടാൻ കഴിയാത്ത ഉയരത്തിലേക്കാണ് എത്തുക.

അഞ്ചാം ബാലൺ ഡി ഓർ സ്വന്തമാക്കിയപ്പോൾ റൊണാൾഡോ പറഞ്ഞത് തനിക്ക് ഏഴു ബാലൺ ഡി ഓർ സ്വന്തമാക്കാനാണ് ആഗ്രഹമെന്നാണ്. എന്നാൽ റൊണാൾഡോ അഞ്ചു ബാലൺ ഡി ഓറിൽ തന്നെ നിൽക്കുമ്പോൾ മെസി റൊണാൾഡോ ആഗ്രഹിച്ചതിനേക്കാൾ ഒരു പുരസ്‌കാരം അധികം സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഫുട്ബോൾ കരിയറിൽ ഇനി മെസിക്ക് സ്വന്തമാക്കാൻ യാതൊന്നും ബാക്കിയില്ലെന്നിരിക്കെ താരത്തിനോടുള്ള മത്സരം റൊണാൾഡോ സ്വയം അവസാനിച്ചതായി ഇതിനെ കണക്കാക്കാം.

Ronaldo Says Rivalry With Messi Is Over