ഇരുപതു വർഷത്തിനു ശേഷം റൊണാൾഡോയില്ലാതെ ബാലൺ ഡി ഓർ പട്ടിക, അർജന്റീന താരങ്ങൾക്ക് ആധിപത്യം | Ballon Dor

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ഇരുപതു വർഷത്തിനിടയിൽ ആദ്യമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലിസ്റ്റിൽ നിന്നും പുറത്ത്. മുപ്പതു പേരുടെ ലിസ്റ്റാണ് കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോൾ പുറത്തു വിട്ടത്. ഖത്തർ ലോകകപ്പിൽ ഫൈനൽ കളിച്ച അർജന്റീനയുടെയും ഫ്രാൻസിന്റെയും താരങ്ങൾക്കാണ് ബാലൺ ഡി ഓർ പട്ടികയിൽ ആധിപത്യമുള്ളത്. ഒക്ടോബർ മാസത്തിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.

കഴിഞ്ഞ സീസണിൽ നടത്തിയ മോശം പ്രകടനമാണ് റൊണാൾഡോയെ ബാലൺ ഡി ഓർ ലിസ്റ്റിൽ നിന്നും പുറത്താക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ താരം അത് ലഭിച്ചപ്പോഴും മികച്ച പ്രകടനം നടത്താൻ കഴിയാതെ പതറിയിരുന്നു. ഖത്തർ ലോകകപ്പിലും റൊണാൾഡോക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനു ശേഷം സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ തന്റെ ക്ലബായ അൽ നസ്‌റിനായി മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല.

അതേസമയം ലോകകപ്പ് ഫൈനൽ കളിച്ച അർജന്റീനയുടെയും ഫ്രാന്സിന്റെയും താരങ്ങൾ ബാലൺ ഡി ഓർ ലിസ്റ്റിൽ ആധിപത്യം കാണിച്ചു. രണ്ടു ടീമുകളിൽ നിന്നും നാല് വീതം താരങ്ങളാണ് ലിസ്റ്റിലുള്ളത്. അർജന്റീനയിൽ നിന്നും മെസിക്ക് പുറമെ ലൗറ്റാറോ മാർട്ടിനസ്, എമിലിയാനോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവർ ഉൾപ്പെട്ടപ്പോൾ ഫ്രാൻസിൽ നിന്നും എംബാപ്പെ, കൊളോ മുവാനി, ഗ്രീസ്‌മൻ, ബെൻസിമ എന്നിവരാണുള്ളത്. ഇതിൽ ബെൻസിമ ലോകകപ്പ് കളിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

അതേസമയം ബ്രസീലിൽ നിന്നും ഒരൊറ്റ താരം മാത്രമാണ് ഇത്തവണ ബാലൺ ഡി ഓർ പട്ടികയിലുള്ളത്. റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ വിനീഷ്യസ് ജൂനിയറാണ് ലിസ്റ്റിലുൾപ്പെട്ട ഒരേയൊരു ബ്രസീലിയൻ താരം. ലയണൽ മെസി തന്നെ പുരസ്‌കാരം നേടുമെന്നാണ് കരുതപ്പെടുന്നത്. ഏർലിങ് ഹാലാൻഡ്, കെവിൻ ഡി ബ്രൂയ്ൻ എന്നിവരാകും താരത്തിന് വെല്ലുവിളി ഉയർത്തുക. എന്നാൽ ലോകകപ്പും ഫ്രഞ്ച് ലീഗും നേടിയതിനു പുറമെ അമേരിക്കയിലും മിന്നുന്ന പ്രകടനം നടത്തുന്ന മെസിക്ക് തന്നെയാണ് സാധ്യത.

Ronaldo Out Of Ballon Dor 2023 Final List