സൗദി മണലാരണ്യങ്ങളിൽ ഗോൾമഴ പെയ്യിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിനു വേണ്ടി വീണ്ടും മിന്നുന്ന പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ടീമിനായി കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ കഴിയാതിരുന്ന റൊണാൾഡോ ആദ്യഗോൾ മൂന്നാം മത്സരത്തിൽ നേടിയതിനു ശേഷം പിന്നീടിങ്ങോട്ട് തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇന്ന് ദമാക് എഫ്‌സിയുമായി നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ തന്നെ ഹാട്രിക്ക് നേട്ടവുമായി റൊണാൾഡോ തിളങ്ങി.

മത്സരത്തിന്റെ പതിനെട്ടാം മിനുട്ടിൽ ബോക്‌സിലെ ഹാൻഡ് ബോളിന്‌ അനുവദിച്ചു കിട്ടിയ പെനാൽറ്റിയിലൂടെ റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ചു. അതിനു ശേഷം താരം നേടിയ ഗോൾ അതിമനോഹരമായിരുന്നു. സുൽത്താൻ അൽ ഘനം നൽകിയ പാസ് പിടിച്ചെടുത്ത് ബോക്‌സിന്റെ തൊട്ടു പുറത്തു നിന്നും ഇടംകാൽ ബുള്ളറ്റ് ഷോട്ടിലൂടെയാണ് റൊണാൾഡോ തന്റെ ഗോൾ കുറിച്ചത്. താരത്തിന്റെ 143ആം വീക്ക് ഫൂട്ട് ഗോളായിരുന്നു അത്.

ആദ്യപകുതിയിൽ തന്നെ റൊണാൾഡോ ഹാട്രിക്ക് തികച്ചു. നാല്‌പത്തിയഞ്ചാം മിനുട്ടിൽ അൽ നസ്ർ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്‌സിനുള്ളിൽ പന്ത് ലഭിച്ച യഹ്യക്ക് ഗോളടിക്കാമായിരുന്നെങ്കിലും താരം പന്ത് റൊണാൾഡോക്ക് നൽകി. താരം അത് അനായാസം വലയിലെത്തിച്ച് അൽ നസ്ർ ജേഴ്‌സിയിൽ തന്റെ രണ്ടാം ഹാട്രിക്ക് നേടി. ഇതിനു മുൻപ് അൽ വഹ്ദക്കെതിരെ നടന്ന മത്സരത്തിൽ താരം നാലു ഗോളുകൾ നേടിയിരുന്നു.

മൂന്നു ഗോൾ നേടിയതിനു പുറമെ മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ഒരു സുവർണാവസരം സൃഷ്‌ടിച്ച താരം ഒരു കീ പാസും മത്സരത്തിൽ നൽകി. 90 ശതമാനത്തോളം പാസുകളും കൃത്യതയോടെ പൂർത്തിയാക്കാനും റൊണാൾഡോക്കായി. ടീമുമായി ഒത്തിണക്കം വന്നാൽ തനിക്ക് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ച റൊണാൾഡോയെ ടീമും അതുപോലെ തന്നെ സഹായിച്ചു.

മത്സരത്തിൽ മൂന്നു ഗോൾ നേടിയതോടെ സൗദി ലീഗിൽ റൊണാൾഡോയുടെ പേരിൽ എട്ടു ഗോളുകളായി. ഇതിനു പുറമെ രണ്ട് അസിസ്റ്റുകളും താരം സ്വന്തമാക്കി. ടൂർണമെന്റിലെ ടോപ് സ്കോറര്മാരുടെ പട്ടികയിൽ ഇപ്പോൾ തന്നെ നാലാം സ്ഥാനത്തേക്ക് മുന്നേറാൻ റൊണാൾഡോക്ക് കഴിഞ്ഞു. താരം ഇതേ പ്രകടനം തുടർന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സൗദിയിലെത്തി ലീഗിലെ ടോപ് സ്കോററാവുകയെന്ന റെക്കോർഡ് നേട്ടവും റൊണാൾഡോക്ക് സ്വന്തമാക്കാൻ കഴിയും. പതിമൂന്നു ഗോളുകൾ നേടിയ ടലീഷ്യയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.