ബ്രസീലിയൻ താരമാണ് നേരിട്ടതിൽ ഏറ്റവും മികച്ചതെന്ന് ലിസാൻഡ്രോ മാർട്ടിനസ്

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ഡച്ച് ക്ലബായ അയാക്‌സിൽ നിന്നും ലിസാൻഡ്രോ മാർട്ടിനസിനെ അറുപതു മില്യൺ യൂറോയോളം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. താരത്തിന്റെ വരവിൽ പലരും നെറ്റി ചുളിച്ചെങ്കിലും നിലവിൽ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരമായി മാറാൻ ലിസാൻഡ്രോക്ക് കഴിഞ്ഞു. വിമർശിച്ചവർ വരെ ഇപ്പോൾ ലിസാൻഡ്രോ മാർട്ടിനസിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നു.

ഇംഗ്ലണ്ടിൽ എത്തിയതിനു ശേഷം നിരവധി മികച്ച താരങ്ങൾക്കെതിരെ ലിസാൻഡ്രോ മാർട്ടിനസ് കളത്തിലിറങ്ങുകയുണ്ടായി. ടോട്ടനം ഹോസ്‌പറിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മികച്ച സ്‌ട്രൈക്കർമാരായ ഹാരി കേൻ, എർലിങ് ഹാലാൻഡ്‌ എന്നിവർക്കെതിരെയെല്ലാം ലിസാൻഡ്രോ മാർട്ടിനസ് കളിച്ചു. എന്നാൽ കഴിഞ്ഞ ദിവസം താൻ പ്രീമിയർ ലീഗിൽ നേരിട്ട ഏറ്റവും മികച്ച താരത്തെപ്പറ്റി ചോദിച്ചപ്പോൾ ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിന്റെ പേരാണ് ലിസാൻഡ്രോ പറഞ്ഞത്.

പരിക്കിന്റെ പിടിയിലായതു കാരണം രണ്ടു മാസത്തോളമായി പുറത്തിരിക്കുന്ന ഗബ്രിയേൽ ജീസസിനെതിരെ ഈ സീസണിന്റെ തുടക്കത്തിലാണ് ലിസാൻഡ്രോ മാർട്ടിനസ് കളിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിൽ ഒരു മത്സരം പോലും തോൽവിയറിയാതെ മുന്നേറിയ ആഴ്‌സണലിന് സീസണിലെ ആദ്യത്തെ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡ് ആ മത്സരത്തിൽ നൽകിയിരുന്നു. ഇപ്പോൾ പ്രീമിയർ ലീഗ് അടക്കം നാല് കിരീടങ്ങൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാടുന്നത്.

അയാക്‌സിൽ നിന്നും ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ ആഴ്‌സണലും ശ്രമം നടത്തിയിരുന്നെങ്കിലും ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ അതിൽ വിജയിച്ചത്. എറിക് ടെൻ ഹാഗുമായുള്ള ബന്ധമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് താരം അതിനു മറുപടിയായി പറഞ്ഞത്. തന്റെയും ടെൻ ഹാഗിന്റെയും മനോഭാവം ഒരുപോലെയാണെന്ന് വ്യക്തമാക്കിയ ലിസാൻഡ്രോ മാർട്ടിനസ് എല്ലാ കിരീടങ്ങൾക്കു വേണ്ടിയും പൊരുതുമെന്നും വ്യക്തമാക്കി.