ഒരുപാട് ഹുക്ക വലിച്ച് കിളി പോയെന്നു തോന്നുന്നു, റൊണാൾഡോയെ പരിഹസിച്ച് മുൻ എംഎൽഎസ് താരം | Ronaldo

സൗദി പ്രോ ലീഗിനെക്കുറിച്ച് കഴിഞ്ഞ ദിവസം റൊണാൾഡോ പറഞ്ഞ വാക്കുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിലവിൽ സൗദി അറേബ്യൻ ലീഗ് ലയണൽ മെസി ചേക്കേറിയ എംഎൽഎസിനേക്കാൾ മികച്ചതാണെന്നും ഒരു വർഷത്തിനുള്ളിൽ തുർക്കിഷ് ലീഗ്, ഡച്ച് ലീഗ് എന്നിവരെ മറികടക്കുകയും ഭാവിയിൽ ലോകത്തിലെ മികച്ച അഞ്ചു ലീഗുകളിൽ ഒന്നാകുമെന്നുമാണ് റൊണാൾഡോ പറഞ്ഞത്. എന്നാൽ താരത്തിന്റെ വാക്കുകളെ രൂക്ഷമായി പരിഹസിച്ച് മുൻ എംഎൽഎസ് താരമായ മൈക്ക് ലാഹൂദ് രംഗത്തെത്തി.

“ഞാനിത് കേട്ടപ്പോൾ ചിന്തിച്ചത് റൊണാൾഡോ ഒരുപാട് ഹുക്ക വലിക്കുന്നുണ്ടായിരിക്കുമെന്നാണ്. സൗദി ലീഗിൽ ഒരു വര്ഷം മാത്രം നിന്നു മറ്റു ലീഗുകളെക്കാൾ അത് മികച്ചതാണെന്ന് പറയുന്നത് അസംബന്ധമാണ്. ലയണൽ മെസിയെ ഇന്റർ മിയാമി അവതരിപ്പിച്ചതിനു പിന്നാലെയാണിതു വരുന്നത്. ഇതിനു മുൻപ് റൊണാൾഡോയിൽ നിന്നും ഈ വികാരമൊന്നും കണ്ടിട്ടില്ല.”

“2026 ലോകകപ്പ് നടക്കുന്ന നോർത്ത് അമേരിക്കയുടെ പടിവാതിൽക്കലേക്ക് മെസി തന്റെ ഗെയിമിലൂടെ ലോകത്തെ കൊണ്ടുവരാനൊരുങ്ങുന്ന സമയത്താണ് റൊണാൾഡോയിൽ നിന്നും ഇതെല്ലാം കേൾക്കുന്നത്. ഇതെല്ലാം മെസിയുമായി ബന്ധപ്പെട്ടാണ്. മെസിയുടെ പ്രസക്തിയാണ് കാണിക്കുന്നത്.” സിബിഎസ് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ മൈക്ക് ലാഹൂദ് പറഞ്ഞു.

താൻ ചേക്കേറിയതിനു ശേഷമാണ് സീരി എ മികവിലേക്ക് ഉയർന്നതെന്ന റൊണാൾഡോയുടെ വാദങ്ങളെയും ലാഹൂദ് തള്ളിക്കളഞ്ഞു. നാപ്പോളി, മിലാൻ എന്നീ ടീമുകളുടെ കുതിപ്പാണ് സീരി എ കൂടുതൽ മികവിലേക്ക് വരാൻ കാരണമായതെന്നാണ് ലാഹൂദ് പറയുന്നത്. റൊണാൾഡോ യുവന്റസിൽ നിന്നും പോകുന്നത് ഏതു സാഹചര്യത്തിലായിരുന്നു എന്നത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ronaldo Slammed Over MLS Comments